pala

സംസ്ഥാനത്തെ ആദ്യ കാർട്ടിലേജ് – ബോൺ കോംപ്ലക്സ് ട്രാൻസ്പ്ലാന്റ് നടത്തി മാർ സ്ലീവാ മെഡിസിറ്റി ചരിത്രം കുറിച്ചു

പാലാ : അപകടത്തിൽ കാൽ മുറിച്ചു മാറ്റേണ്ടി വന്ന യുവാവിന്റെ കാർട്ടിലേജ് – ബോൺ കോംപ്ലക്സ് 23കാരന്റെ കാൽമുട്ടിലേക്ക് മാറ്റി സ്ഥാപിച്ച് അവയവ മാറ്റ ശസ്ത്രക്രിയ രംഗത്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ പുതിയ ചരിത്രം കുറിച്ചു.

മറ്റ് അവയവമാറ്റ ശസ്ത്രക്രിയകൾക്ക് പുറമെ കാർട്ടിലേജ് – ബോണും മാറ്റി സ്ഥാപിക്കാമെന്ന പുതിയ വിപ്ലവത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. നൂതനമായ എഫ്.ഒ.സി.എ.ടി( ഫ്രഷ് ഓസ്റ്റിയോ കോൺട്രൽ അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ ) എന്ന ശസ്ത്രക്രിയ, മാർ സ്ലീവാ മെഡിസിറ്റിയിലെ ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.രാജീവ് പി.ബി. യുടെ നേതൃത്വത്തിലാണ് വളരെ വിജയകരമായി നടത്തിയത്.

കായംകുളം സ്വദേശിയായ യുവാവിനാണ് ഏഴ് മാസം മുൻപ് നടന്ന വാഹനാപകടത്തിൽ കാൽമുട്ടിനുള്ളിലെ കാർട്ടിലേജും, അസ്ഥിയും നഷ്ടപ്പെട്ടത്. മുട്ടിലുണ്ടായ ഗുരുതര മുറിവിലൂടെ അഞ്ച് സെന്റിമീറ്റർ വലുപ്പത്തിൽ കാർട്ടിലേജും അസ്ഥിയും അടർന്ന് റോഡിൽ നഷ്ടപ്പെടുകയായിരുന്നു.

ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കാൽമുട്ടിലെ പ്രാഥമിക ശസ്ത്രക്രിയക്ക് ശേഷം ഇടുപ്പിലെ ഗുരുതരമായ അസിറ്റാബുലർ ഫ്രാക്ചറിന്റെ ചികിത്സക്കായി മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് തുടയെല്ലിന്റെ താഴെയായി മുട്ടിനുള്ളിൽ ഭാരം താങ്ങുന്ന ഭാഗത്ത് അസ്ഥിയും തരുണാസ്ഥിയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

മുട്ടിലെ അസ്ഥിയിലെ വലിയ വിടവ് മൂലം യുവാവിന് ഭാരം താങ്ങി നടക്കാൻ സാധിക്കില്ലാത്തതിനാൽ ഒന്നുകിൽ കൃത്രിമ സന്ധി ഘടിപ്പിക്കുകയോ അല്ലെങ്കിൽ അവയവമാറ്റത്തിലൂടെ അസ്ഥിയും തരുണാസ്ഥിയും മാറ്റി സ്ഥാപിക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു മാർഗങ്ങൾ.

ചെറുപ്പക്കാരിൽ കൃത്രിമ സന്ധി വച്ചു പിടിപ്പിക്കുന്നതിന്റെ ദൂഷ്യ ഫലങ്ങൾ കണക്കിലെടുത്ത് അനുയോജ്യമായ അല്ലോഗ്രാഫ്റ്റിനായി അയൽ സംസ്ഥാനങ്ങളിലെ ടിഷ്യൂ ബാങ്കുകളിൽ തുടർന്നു അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഇതിനിടയിൽ മംഗലാപുരത്തുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് മുട്ടിനു മുകളിൽ വച്ചു കാൽ മുറിച്ചുമാറ്റേണ്ടി വന്ന യുവാവിന്റെ ബന്ധുക്കൾ അസ്ഥി ദാനം ചെയ്യാൻ സമ്മതം അറിയിച്ചു.

ഉടൻ തന്നെ മംഗലാപുരം കെ.എസ്.ഹെഗ്‌ഡെ മെഡിക്കൽ കോളജിൽ ഡോ.വിക്രം ഷെട്ടിയുടെ നേതൃത്വത്തിൽ കാൽമുട്ടിന്റെ ഭാഗം അവയവദാനത്തിനായി നീക്കം ചെയ്യാൻ തീരുമാനിച്ചു. തുടർന്ന് മൈനസ് 80 ഡിഗ്രി താപനിലയിൽ പ്രത്യേകം ശീതീകരിച്ച പെട്ടിയിൽ ട്രെയിൻ മാർഗമാണ് കോട്ടയത്ത്‌ അവയവം എത്തിച്ചത്.

പുലർച്ചെ അഞ്ചു മണിയോടെ ആശുപത്രിയിൽ അവയവം എത്തിച്ച ഉടൻ ഡോ.രാജീവ്‌ പി.ബി യുടെ നേതൃത്വത്തിൽ ശാസ്ത്രക്രിയ ആരംഭിച്ചു. അനസ്ത്യേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ.സേവ്യർ ജോൺ, ഓർത്തോപീഡിക്സ് വിഭാഗത്തിലെ ഡോ.അഭിരാം കൃഷ്ണൻ, ഡോ.ശരത് എസ്.സി എന്നിവരും ശസ്ത്രക്രിയ ടീമിന്റെ ഭാഗമായി.

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കാർട്ടിലേജ് – ബോൺ കോംപ്ലക്സ് മാറ്റി സ്ഥാപിച്ചു.. ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കുറഞ്ഞ യുവാവ് മുട്ട് മടക്കാൻ തുടങ്ങുകയും ഏതാനും ദിവസത്തിനുള്ളിൽ ആശുപത്രിയിൽ നിന്നു സുഖം പ്രാപിച്ചു മടങ്ങുകയും ചെയ്തു.

ഏതാനും മാസങ്ങൾക്കകം യുവാവിന് കാലിൽ ഭാരം താങ്ങി സാധാരണ നിലയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുമെന്നു ഡോക്ടർമാർ അറിയിച്ചു. റോഡ് അപകടങ്ങളും മറ്റ് കായിക അപകടങ്ങളും സംഭവിച്ച് ഇത്തരത്തിൽ ഗുരുതര പരുക്കേറ്റവർക്ക് വിദേശ രാജ്യത്ത് ചെയ്തുവരുന്ന ഈ ശസ്ത്രക്രിയ രീതി കേരളത്തിലും നടത്താൻ സാധിക്കുമെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്.

അവയവദാനം മഹാദാനം എന്ന ആപ്‌തവാക്യം ഉൾക്കൊണ്ട്‌ കൊണ്ട് കേരളത്തിൽ കൂടുതൽ അവയവ ദാനങ്ങൾ സാധ്യമാകട്ടെയെന്നും കേരളത്തിൽ ടിഷ്യൂ ബാങ്കുകൾ ആരംഭിക്കാൻ ശ്രമങ്ങൾ നടക്കണമെന്നും ഇതോടോപ്പം അഭ്യർത്ഥിക്കുകയാണ്.

ആശുപത്രി മാനേജിംഗ് ‍ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഓർത്തോപീഡിക്ല് വിഭാഗം മേധാവി ‍ഡോ.മാത്യു എബ്രഹാം, സീനിയർ കൺസൾട്ടന്റ് ഡോ.രാജീവ് പി.ബി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *