kanjirappalli

ബസിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് വിദ്യാർഥിനിക്ക് പരിക്ക്; ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ കേസ്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ബസില്‍നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കാഞ്ഞിരപ്പള്ളി പോലീസാണ് കേസെടുത്തത്. പരിക്കേറ്റ വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കാഞ്ഞിരപ്പള്ളി പോലീസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാർഥിനിയില്‍നിന്ന് ശനിയാഴ്ച രാവിലെയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. അപകടത്തിനിടയാക്ക ബസ് സംഭവ ദിവസം രാത്രിയില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ബസ് ഇപ്പോള്‍ പോലീസ് സ്റ്റേഷന് സമീപം പിടിച്ചിട്ടിരിക്കുകയാണ്. ബസ് ജീവനക്കാര്‍ക്കെതിരെ ലൈസന്‍സ് സന്‍പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കിയ ശേഷമാകും മോട്ടോര്‍ വാഹന വകുപ്പ് നടപടികളിലേയ്ക്ക് കടക്കുക.

വെള്ളിയാഴ്ച വൈകുന്നേരമാണ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ മുന്‍പോട്ടെടുത്ത ബസില്‍നിന്ന് കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് വച്ച് വിദ്യാർഥിനി റോഡിലേയ്ക്ക് തെറിച്ച് വീണത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ക്ലാസ് കഴിഞ്ഞ് പോകും വഴി അപകടത്തില്‍പ്പെട്ടത്.

കാഞ്ഞിരപ്പള്ളി പാലാ റൂട്ടിലോടുന്ന വാഴയില്‍ ബസില്‍ നിന്നാണ് വിദ്യാർഥിനി താഴെ വീണത്. വിദ്യാർഥിനി താഴെവീണിട്ടും ബസ് നിര്‍ത്താനോ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുവാനോ ജീവനക്കാര്‍ തയ്യാറായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പോലീസും മോട്ടോര്‍ വാഹനവകുപ്പും നടപടികളിലേയ്ക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *