കോട്ടയം: ആർപ്പൂക്കര സർക്കാർ ഹയർ സെക്കന്ററി സ്കൂളിന് പിൻഭാഗത്ത് നിന്ന് തലയോട്ടിയും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന് പിൻവശത്തെ കാടുകയറിയ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികൾ പന്തെടുക്കാൻ കയറിയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സ്ഥലത്ത് നിന്നും പോലീസ് പരിശോധന തുടരുകയാണ്. കണ്ടെത്തിയ അസ്ഥികഷ്ണങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് അറിയിച്ചു.