കോട്ടയം: കോൺഗ്രസ് പാർട്ടിയെ മതമൗലിക ഭീകരവാദ സംഘടനകൾ പൂർണമായും വിഴുങ്ങി എന്നതിന്റെ ഉദാഹരണമാണ് അവർ ഇപ്പോൾ സ്വീകരിക്കുന്ന EWS വിരുദ്ധ നിലപാട്. മെഡിക്കൽ, ഡെന്റൽ ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് കേന്ദ്രസർക്കാർ 103 ആം ഭരണഘടനാ ഭേദഗതിയിലൂടെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി അനുവദിച്ച സംവരണമാണ് EWS സംവരണം.
സാമ്പത്തിക പിന്നാക്കക്കാർക്ക് അനുവദിച്ച സംവരണം സുപ്രീം കോടതി ഭരണഘടനാ ബഞ്ച് സഹിതം ശരി വച്ചിട്ടുള്ളതുമാണ്.കേരളത്തിൽ EWS നെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാട് അതിന്റെ പച്ചയായ മതമൗലികവാദ പ്രീണനസ്വഭാവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് ഉൾപ്പെടെ ലഭിച്ച സീറ്റുകൾ മറ്റ് മതവിഭാഗങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന തരത്തിൽ വ്യാഖ്യാനിക്കുകയും സംവരണത്തെ എതിർക്കുകയും ചെയ്യുന്ന വി ടി ബലറാമിനെ പോലെയുള്ള നേതാക്കന്മാരുടെ നിലപാടിനെ ബിജെപി അതിശക്തമായി എതിർക്കുന്നു.
കോൺഗ്രസിന്റെ എക്കാലത്തെയും രാജ്യവിരുദ്ധ ശക്തികളോടുള്ള പ്രീണനമാണ് ഇത്തരം നിലപാടുകളിലേക്ക് കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും എത്തിക്കുന്നത്. രാജ്യവിരുദ്ധ ശക്തികളെ പ്രീണിപ്പിച്ച് ഏതുവിധേനയും അധികാരത്തിൽ എത്തുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. ജനറൽ വിഭാഗത്തിന് ആകെ ലഭിക്കുന്ന സംവരണമാണ് E.W.S.അതിനു ജാതി മത പരിഗണനകളില്ല. അതിനെപ്പോലും എതിർക്കുന്ന കോൺഗ്രസ് നിലപാട് അക്ഷരാർഥ ത്തിൽ രാജ്യതാല്പര്യത്തിന് വിരുദ്ധമാണ് .