general

അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല;മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും: രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല.

രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ മാര്‍ക്‌സിസ്റ്റ് നേതാക്കന്‍മാര്‍ ജയിലിലായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിന് പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ടെന്നും ആരോപിച്ചു.

ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതിന് പിന്നില്‍ സിപിഐഎമ്മിന്റെ ഉന്നത നേതാക്കന്‍മാരാണ് എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. ഇതിന്റെ പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും. പോറ്റിയെ പോറ്റി വളര്‍ത്തിയത് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടല്ലോ. ഒന്നാം പിറണായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കള്ളക്കടത്ത് അയിരുന്നു.

ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണം അടിച്ചു മാറ്റിയിരിക്കുന്നു. സിപിഐഎം നേതാക്കന്‍മാര്‍ സ്വര്‍ണത്തോട് വലിയ താത്പര്യമുള്ളവരാണെന്ന് ഈ രണ്ട് സംഭവങ്ങള്‍ തെളിയിച്ചിരിക്കുന്നു. പോറ്റിയുമായി ഗൂഢാലോചന നടത്തി ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയ ആളുകളെ ശിക്ഷിക്കുക തന്നെ വേണം – അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതനാണെന്ന് എം വി ഗോവിന്ദന്‍ പറയുന്നത് കേട്ടു. എസ്‌ഐടിക്ക് ബോധ്യപ്പെട്ടത് കൊണ്ടല്ലേ അറസ്റ്റ് ചെയ്തത്. ഇനിയ അറിയേണ്ടത് മന്ത്രിമാരുടെ കാര്യമാണ്. അവരും അധികം വൈകാതെ അറസ്റ്റിലാകും. അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല – അദ്ദേഹം പറഞ്ഞു.

കട്ടിളപ്പാളി കടത്തിയ കേസില്‍ നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്‌.

കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. മുന്‍ എംഎല്‍എയും നിലവില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമാണ് എ പത്മകുമാര്‍. ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാറാണെന്നാണ് കണ്ടെത്തല്‍. കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *