മൂവാറ്റുപുഴ∙ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സംഭവത്തെ തുടര്‍ന്ന് മൂവാറ്റുപുഴ നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചു.
നായയുടെ ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ നായ്ക്കളെ നിരീക്ഷിക്കും. തെരുവുനായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് പരിശോധിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
ഈ മാസം 9ന് രാവിലെ എട്ടുമണിയോടെയാണ് മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് കരിഓയിൽ ശുദ്ധീകരിക്കുന്ന സ്ഥലത്തെ വളർത്തുനായ പുറത്തുചാടി ഒൻപതു പേരെ ആക്രമിച്ചത്. ഇതിൽ എട്ടുപേർക്കു കടിയേറ്റു. മറ്റൊരു നായയെയും ആടിനെയും പശുവിനെയും കടിച്ചിരുന്നു.
ഏറ്റുമാനൂരിൽ നിന്ന് നായപിടിത്ത വിദഗ്ധനെത്തിയാണ് അഞ്ച് മണിക്കൂറുകൾക്കുശേഷം നായയെ പിടികൂടിയത്. പിടിച്ചപ്പോൾതന്നെ കൂട്ടിലാക്കിയ നായയെ പത്ത് ദിവസത്തേക്കു നിരീക്ഷിക്കാനായി നഗരസഭ വളപ്പിൽ പ്രത്യേകം കൂട്ടിലിട്ടിരിക്കുകയായിരുന്നു. നായ കടിച്ച എല്ലാവരെയും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെപ്പെടുത്തിരുന്നു.