pravithanam

പൂർവ വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത ഓണക്കാലം സമ്മാനിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ്

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർത്ഥി സംഗമം- 2025 നടന്നു. വിവിധ ബാച്ചുകളിലായി പഠിച്ച നൂറുകണക്കിന് ആൾക്കാർ സംഗമത്തിൽ പങ്കെടുത്തു. ഓണക്കാലത്ത് നടുമുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന മനോഹരമായ ചെണ്ടുമല്ലി പൂക്കളുമായാണ് വിദ്യാലയമുത്തശ്ശി പ്രിയ പൂർവവിദ്യാർഥികളെ സ്വീകരിച്ചത്.

സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. നന്മയുള്ള മനസ്സുകളുടെ ഉടമകൾക്ക് മാത്രമേ പഠിച്ച വിദ്യാലയത്തെയും പഠിപ്പിച്ച അധ്യാപകരെയും ഓർത്തിരിക്കാനും ബഹുമാനിക്കാനും സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അങ്ങനെയുള്ളവരുടെ ഒത്തുചേരൽ ദൈവാനുഗ്രഹം നിറഞ്ഞൊഴുകുന്ന അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ ഗ്രൗണ്ടും പരിസരവും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുമ്പോഴുള്ള മോഡൽ പ്രസന്റേഷൻ ചടങ്ങിൽ നടത്തി. സംഗമത്തോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

ഗൃഹാതുരത്വം ഉണർത്തുന്ന വിഭവങ്ങൾ നിറച്ച് സ്കൂളിലെ അധ്യാപകർ ഒരുക്കിയ ഫുഡ് സ്റ്റാളും പങ്കെടുത്തവർക്ക് ഫോട്ടോയെടുക്കാനായി സജ്ജീകരിച്ചിരുന്ന സെൽഫി കോർണറും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഓണപ്പായസം ആസ്വദിച്ച് വീണ്ടും അടുത്തവർഷം കാണാമെന്നുള്ള സന്തോഷത്തോടെയാണ് പൂർവ വിദ്യാർത്ഥികൾ പിരിഞ്ഞത്.

ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി റവ. ഫാ. ദേവസ്യാച്ചൻ വട്ടപ്പലം,പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി.ടി.എ പ്രസിഡന്റ് ജോബി ജോസഫ് എന്നിവർ സംസാരിച്ചു. സ്കൂളിലെ അധ്യാപകരുടെയും, അനധ്യാപകരുടെയും,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ചടങ്ങുകൾ ഏകോപിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *