പ്രവിത്താനം: പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറിൽപരം വിദ്യാർത്ഥികളുടെ ഭവനങ്ങളെ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ലഹരി വിമുക്തമാക്കി പ്രഖ്യാപിക്കാൻ ഒരുങ്ങി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ്.
അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ഭവന സന്ദർശനം, ബോധവൽക്കരണ ക്ലാസുകൾ, കോർണർ മീറ്റിങ്ങുകൾ,തെരുവു നാടകങ്ങൾ, ഫ്ലാഷ് മോബ്, കൗൺസിലിംഗ്, ലഹരിമുക്ത കുടുംബങ്ങളെ ആദരിക്കൽ മുതലായ വിവിധ പ്രവർത്തനങ്ങളാണ് ലഹരി വിരുദ്ധ പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
അഡാർട്ട് പാലാ, എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, കൊല്ലപ്പള്ളി ഫെഡറൽ ബാങ്ക്, എസ്.ബി.ഐ. അന്തിനാട് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
ലഹരി മുക്ത കുടുംബങ്ങളുടെ പ്രഖ്യാപനം നവംബർ ഒന്ന് ശനിയാഴ്ച രാവിലെ 11.30 ന് ജോസ് കെ. മാണി എം. പി. നിർവ്വഹിക്കും. സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിക്കും.
ഹെഡ്മാസ്റ്റർ ജിനു ജെ വല്ലനാട്ട്, ലഹരി വിരുദ്ധക്ലബ്ബ് കോ ഓർഡിനേറ്റർമാരായ ജോജിമോൻ ജോസ്, ലീന സെബാസ്റ്റ്യൻ, എലിസബത്ത് മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.





