poonjar

എംഎൽഎ സർവീസ് ആർമി- 10 വീടുകളുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു

പൂഞ്ഞാർ : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 10 നിർധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അതാത് സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ വച്ച് നിർവഹിച്ചു.

വിവിധ കമ്പനികളുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും, ഉദാരമതികളായ വ്യക്തികളുടെ സ്പോൺസർഷിപ്പിലൂടെയുമാണ് നിർധന കുടുംബങ്ങൾക്കുള്ള ഈ ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നത്.

ഈരാറ്റുപേട്ട – കടുവാമുഴി , പൂഞ്ഞാർ തെക്കേക്കര- കല്ലേക്കുളം, ചേരിമല, പൂഞ്ഞാർ ടൗൺ , ചേന്നാട്, മണിയംകുളം,തീക്കോയി- മംഗളഗിരി, കൂവപ്പള്ളി, ചേനപ്പാടി പൂഞ്ഞാർ – മണിയംകുന്ന് എന്നിവിടങ്ങളിലാണ് ഭവന നിർമ്മാണങ്ങളുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്.

കഴിഞ്ഞ നാലര വർഷത്തോളമായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ സേവന സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ.

വിദ്യാഭ്യാസ മേഖലയിൽ മികവ് കൈവരിക്കുന്നതിന് ഫ്യൂച്ചർ സ്റ്റാർസ്, തൊഴിൽ രഹിതർക്ക് തൊഴിൽ ലഭ്യമാക്കാൻ പൂഞ്ഞാർ ജോബ്സ്, കാർഷിക മേഖലയിലെ മുന്നേറ്റത്തിന് സംസ്ഥാന കൃഷി വകുപ്പുമായി ചേർന്ന് ഫല സമൃദ്ധി , നിർധനരായ കിടപ്പുരോഗികൾക്ക് പ്രതിമാസ ചികിത്സാ സഹായവും മരുന്നും ഭക്ഷ്യ കിറ്റുകളും നൽകുന്ന കാരുണ്യ സ്പർശം പദ്ധതി എന്നീ പ്രവർത്തനങ്ങളും എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഇതോടൊപ്പം കാരുണ്യ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ഇതിനോടകം കൂട്ടിക്കലിലെ പ്രളയ ദുരിതബാധിതർക്ക് നിർമ്മിച്ച് നൽകിയ 11 വീടുകൾ ഉൾപ്പെടെ ആകെ 14 വീടുകൾ നിർമ്മിച്ച് താക്കോൽ കൈമാറി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *