പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി,നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപാന്തപ്ര ശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ സ്കന്ദഷഷ്ഠി (നവംബർ 7 വ്യാഴം) മഹോത്സവമായിത്തന്നെ നടത്തപ്പെടുന്നു.
ക്ഷേത്ര പുനർനിർമ്മാണത്തിനും പ്രതിഷ്ഠാ കർമ്മങ്ങൾക്കും ശേഷം ആദ്യമായി നടക്കുന്ന സ്കന്ദഷഷ്ഠി പൂജ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലശപൂജയുൾപ്പടെ പൂർണ്ണ പൂജാ വിതാനത്തോടുകൂടി നടത്തപ്പെടുകയാണ്.
ദേശാധിപനായ സുബ്രഹ്മണ്യ ഭഗവാനോടൊപ്പം ത്രിലോകനാഥനായ ശ്രീ മഹാദേവനും തുല്യ പ്രാധാന്യം കൽപ്പിച്ചുള്ള രണ്ട് ശ്രീ കോവിലുകളോടു കൂടിയ ക്ഷേത്ര സങ്കേതത്തിൽ ഗുരുദേവ ക്ഷേത്രവും നിലകൊള്ളുന്നു.
ഉപദേവതകളായി ഗണപതിയും ഭദ്രാ ദേവിയും പ്രതിഷ്ഠിതമാണ്. ആയില്യം നാളിൽ വിശേഷാൽ പൂജകളോടു കൂടിയ സർപ്പ സങ്കേതവും ഇവിടുത്തെ പ്രത്യേകതയാണ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ചു അനന്ദ ഭദ്രത് , മേൽശാന്തി അജേഷ് പൂഞ്ഞാർ, സാബു ശാന്തി കൊല്ലപ്പള്ളി, രഞ്ജിത്ത് പൂഞ്ഞാർ , ഷിജോശാന്തി എന്നിവരുടെ നേതൃത്വത്തിലാണ് ഷഷ്ഠി പൂജാ ചടങ്ങുകൾ നടക്കുന്നത്.
നവംബർ 16 മുതൽ ക്ഷേത്രത്തിൽ മണ്ഡല കാല ഭജന മഹോത്സവത്തിനും ആരംഭമാകുന്നതാണെന്ന് ക്ഷേത്രയോഗം ഭാരവാഹികൾ അറിയിച്ചു.