ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട സംസ്ഥാന8 പാതയെയും, മുണ്ടക്കയം-കാഞ്ഞിരപ്പള്ളി ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്നതുമായ പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് ബിഎം & ബിസി നിലവാരത്തിൽ റീടാർ ചെയ്യുന്നതിന് 9 കോടി രൂപ അനുവദിച്ച് ടെൻഡർ ഉറപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
5.5 മീറ്റർ വീതിയിൽ ബി എം & ബി സി ടാറിങ് കൂടാതെ കലുങ്കുകൾ , ഓടകൾ , റോഡ് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങി അനുബന്ധ പ്രവർത്തികളും നടത്തും. കൂടാതെ സംരക്ഷണ ഭിത്തികൾ, വളവ് നേരെയാക്കൽ, കയറ്റിറക്കങ്ങൾ കുറയ്ക്കൽ തുടങ്ങി മെച്ചപ്പെട്ട ഗതാഗത സാഹചര്യം ഒരുക്കുന്നതിനുള്ള പ്രവർത്തികളും നടപ്പിലാക്കും.
ഈ റോഡ് പാലാ – ഈരാറ്റുപേട്ട ഭാഗത്തു നിന്നും മുണ്ടക്കയത്തേയ്ക്കും മറ്റ് കിഴക്കൻ മേഖലകളിലേയ്ക്കും യാത്ര ചെയ്യുന്നവർക്ക് ദൂരം കുറവുള്ളതും ഏറ്റവും എളുപ്പമുള്ളതുമായ പാതയാണ്.കാഞ്ഞിരപ്പള്ളിയിലെ ഗതാഗത കുരുക്കിൽ പെടാതെ ഒരു ബൈപ്പാസായി യാത്ര ചെയ്യുന്നതിനും ഈ റോഡ് ഉപകരിക്കും.
കരാർ ഏറ്റെടുത്തിരിക്കുന്ന കോൺട്രാക്ടർ എഗ്രിമെന്റ് വച്ച് ഫെബ്രുവരി ആദ്യം നിർമ്മാണ ഉത്ഘാടനം നടത്തി റീ ടാറിങ് പ്രവർത്തികൾ ആരംഭിക്കുമെന്നും, പ്രവർത്തികൾ എത്രയും വേഗത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കും എന്നും എംഎൽഎ അറിയിച്ചു.





