പൈക : അപകടം വിട്ടൊഴിയാതെ പാലാ – പൊൻകുന്നം റോഡ്. മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയുടെ ഭാഗമായ 21.49 കിലോമീറ്റർ റോഡിലാണ് അപകടങ്ങൾ തുടർക്കഥ ആകുന്നത്. പാലായ്ക്കും പൈകയ്ക്കുമിടയിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പത്തോളം അപകടങ്ങളാണ് ഉണ്ടായത്. ചരളയിൽ റോഡ് മുറിച്ചു കടന്നയാൾക്കുൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, കഴിഞ്ഞ ദിവസം വിളക്കുംമരുത് ഉണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തു.
2015 ൽ നവീകരണം പൂർത്തിയായതോടെയാണ് പാലാ – പൊൻകുന്നം റോഡിൽ അപകടങ്ങൾ പൊടുന്നനെ ഉയർന്നത്. നിർമ്മാണ കാലഘട്ടത്തിൽ തന്നെ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയെക്കുറിച്ച് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.
പാതയിൽ വളവുകൾ കൂടുതലുള്ളതിനാൽ ദൂരകാഴ്ച്ച കുറവാണ്. രാത്രി കാലങ്ങളിൽ വഴിയോരങ്ങളിലെ കണ്ണടച്ച വഴി വിളക്കുകളും അപകടങ്ങൾ വർധിക്കുവാൻ കാരണമാകുന്നു. കാലാകാലങ്ങളിൽ അപകടങ്ങളുണ്ടാകുമ്പോൾ പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടക്കുന്നതല്ലാതെ യാതൊരു വിധ പരിഹാര നടപടികളും സ്വീകരിച്ചിട്ടില്ല. ഹൈവേ പോലീസ് പെട്രോളിങ്ങും കാര്യക്ഷമമല്ല.
സീബ്രാ ലൈനുകൾ മാഞ്ഞു തുടങ്ങിയ ഈ റോഡിൽ സ്കൂൾ കുട്ടികളും മുതിർന്നവരും റോഡ് മുറിച്ചു കടക്കുന്നത് ഭീതിയോടെയാണ്. പാലാ പൊൻകുന്നം റോഡ് അപകടരഹിതമാക്കി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉത്തരവാദിത്വപ്പെട്ടവർ കണ്ടെത്തണമെന്ന് യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡന്റ് ശ്രീ. ജിബിൻ ആലപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ എസ് യു മണ്ഡലം പ്രസിഡന്റ് അൻവിൻ സോണി, അരുൺ ദാസ്, അരവിന്ദ്, ജിൻ്റോ കല്ലറക്കൽ, അശ്വിൻ, ആഷിക്, എബി രാജ്, ജിമ്മി തുടങ്ങിയവർ പ്രസംഗിച്ചു.