pala

സ്ട്രോക്ക് ദിനാചരണത്തോട് അനുബന്ധിച്ച് സ്ട്രോക്ക് എമർജൻസി ആംബുലൻസുമായി മാർ സ്ലീവാ മെഡിസിറ്റി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സ്ട്രോക്ക് എമർജൻസി ആംബുലൻസ് പ്രവർത്തനം തുടങ്ങി. വേൾഡ് സ്ട്രോക്ക് ​ദിനാചരണത്തോട് അനുബന്ധിച്ച് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കെ.എൽ ഫ്ലാ​ഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.

സ്ട്രോക്ക് സംബന്ധമായ രോര​ഗലക്ഷണങ്ങൾ കാണുന്നവർക്ക് സമയത്ത് ചികിത്സ നൽകുക എന്നത് ഏറ്റവും അത്യാവശ്യ കാര്യമായതിനാൽ ആംബുലൻസ് സർവീസ് ഏറെ ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സ്ട്രോക്ക് ദിന സന്ദേശം നൽകി. കൃത്യസമയത്ത് ഏറ്റവും മെച്ചപ്പെട്ട ചികിത്സ നൽകുക എന്ന ഉദ്ദേശത്തിലാണ് എല്ലാവിധ ചികിത്സസൗകര്യവും ക്രമീകരിച്ചിരിക്കുന്ന സ്ട്രോക്ക് ആംബുലൻസ് പ്രവർത്തനം തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്ട്രോക്ക് ദിനാചരണത്തെ കുറിച്ച് ന്യൂറോളജി വിഭാഗം മേധാവി ഡോ. സജീഷ് എസ്.ആർ സംസാരിച്ചു. എമർജൻസി വിഭാ​ഗം മേധാവി ‍ഡോ.ശ്രീജിത്ത് ആർ നായർ സ്ട്രോക്ക് ആംബുലൻസ് സർവ്വീസിന്റെ പ്രവർത്തനം വിശദീകരിച്ചു.

ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു സ്ട്രോക്ക് ടീമിന്റെ സേവനങ്ങൾ വിശദീകരിച്ചു. സി.ഇ.ഒ റവ.ഫാ.അ​ഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ.ഡോ.എമ്മാനുവൽ പാറേക്കാട്ട്, ആശുപത്രി ഓപ്പറേഷൻസ്, ബ്രാൻഡിം​ഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ഡയറക്ടർ റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

സ്ട്രോക്ക് സംബന്ധമായ രോ​ഗലക്ഷണങ്ങൾ കണ്ടെത്തുന്നവർക്ക് ഡോക്ടർ സഹിതമുള്ള എമർജൻസി മെഡിക്കൽ ടീം സ്ഥലത്ത് എത്തി വൈദ്യസഹായം നൽകുന്ന സംവിധാനമാണ് ഐ.സി.യു സംവിധാനമുളള ആംബുലൻസിൽ ക്രമീകരിച്ചിരിക്കുന്നത്. സ്ട്രോക്ക് സംബന്ധമായ ആവശ്യത്തിന് ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 8281699242 .

Leave a Reply

Your email address will not be published. Required fields are marked *