pala

ഗുരുതര പരുക്കേറ്റ പാലക്കാട് സ്വദേശി കോട്ടയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക്

പാലാ: വാഹനാപകടത്തിൽ മസ്തിഷ്കത്തിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ 31 വയസ്സുകാരന് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൂടെ പുനർജന്മം. ട്രോമാറ്റിക് ബ്രെയിൻ ഇൻജുറിക്ക് ഒപ്പം, രണ്ട് വശങ്ങളിലെയും മസ്തിഷ്ക കോശങ്ങൾ നശിക്കുന്ന അതീവ ഗുരുതരമായ അവസ്ഥ (ബൈലാറ്ററൽ സെറിബെല്ലാർ ഇൻഫാർക്ഷൻ ) ബാധിച്ച പാലക്കാട് സ്വദേശിയായ യുവാവിനെയാണ് അതിവിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.‌

റോഡ് അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവം, നട്ടെല്ലിന് ഒന്നിലധികം ഒടിവുകൾ, സുഷുമ്‌ന നാഡിക്ക് അമർച്ച, ശ്വാസകോശത്തിനും വാരിയെല്ലിനും പരിക്കുകൾ, ഇടുപ്പെല്ലിനും കാലിനും ഒടിവുകൾ എന്നിവ പരിശോധനയിൽ കണ്ടെത്തി.

ചികിത്സക്കിടെ രോഗിയുടെ മസ്തിഷ്കത്തിന്റെ പിൻഭാഗത്തെ രണ്ട് വശങ്ങളിലുമുള്ള രക്തയോട്ടം തടസ്സപ്പെട്ട് കോശങ്ങൾ നശിക്കാൻ തുടങ്ങുന്നതായി കണ്ടെത്തി. തലയ്ക്ക് പരിക്കേൽക്കുന്നവരിൽ ഒന്നു മുതൽ മൂന്ന് ശതമാനം വരെ മാത്രം ആളുകളിൽ കണ്ടുവരുന്ന സങ്കീർണ്ണമായ അവസ്ഥയാണിത്. ഇത് തിരിച്ചറിയാൻ വൈകിയാൽ മസ്തിഷ്കത്തിന്റെ സുപ്രധാന ഭാഗങ്ങളിൽ സമ്മർദ്ദം കൂടി മരണം സംഭവിക്കാൻ സാധ്യതയുമുണ്ട്.

രോഗിയുടെ നില വഷളാകുന്നത് കണ്ട ഉടൻ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സരീഷ് കുമാർ എം.കെ യുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അടിയന്തിരമായി പോസ്റ്റീരിയർ ഫോസ ഡീകംപ്രസീവ് ക്രാനിയെക്ടമി എന്ന ശസ്ത്രക്രിയയ്ക്ക് യുവാവിനെ വിധേയനാക്കി.

തലയോട്ടിയിലെ മർദ്ദം കുറയ്ക്കുന്നതിനായി തലയോട്ടിയുടെ പിൻഭാഗത്തെ അസ്ഥി മാറ്റുകയും, തലച്ചോറിലെ ദ്രാവകത്തിന്റെ മർദ്ദം നിയന്ത്രിക്കാൻ വി.പി ഷണ്ട് സ്ഥാപിക്കുകയും ചെയ്തു. തലയിലും നട്ടെല്ലിനും ബാധിക്കുന്ന പരുക്കുകൾക്ക് അത്യാധുനികവും നൂതനവുമായ എല്ലാ ശസ്ത്രക്രിയകളും മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ന്യൂറോസയൻസസ് വിഭാഗത്തിൽ ലഭ്യമാണ്. ന്യൂറോവാസ്കുലാർ, പെരിഫറൽ നർവ് ശസ്ത്രക്രിയകൾ, മൈക്രോവാസ്കുലർ ഡികംപ്രഷൻ, പീഡിയാട്രിക് ന്യൂറോസർജറി തുടങ്ങിയ എല്ലാവിധ ശസ്ത്രക്രിയകളും വിദഗ്ദ സംഘത്തിന്റെ മേൽനോട്ടത്തിൽ നടന്നുവരുന്നു.

ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന്റെ നട്ടെല്ലിലെ ഒടിവുകൾ പരിഹരിക്കുന്നതിനായി അത്യാധുനിക മിനിമലി ഇൻവേസീവ് സ്പൈനൽ ഫിക്സേഷൻ ശസ്ത്രക്രിയയും, ഓർത്തോപീഡിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ കാലിലെയും ഇടുപ്പിലെയും ഒടിവുകൾക്കുള്ള ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കി.

തീവ്രപരിചരണ വിഭാഗത്തിലെ ദീർഘനാളത്തെ ചികിത്സയ്ക്കും മൾട്ടി ഡിസിപ്ലിനറി കെയറിനും ശേഷം രോഗി പൂർണ്ണമായി ബോധാവസ്ഥയിലേക്ക് തിരിച്ചുവരികയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. ന്യൂറോ സർജറി, ഓർത്തോപീഡിക്സ്, ക്രിട്ടിക്കൽ കെയർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.

ന്യൂറോസർജറി വിഭാഗം മേധാവി ഡോ.സരീഷ് കുമാർ എംകെ,ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.രാജീവ് പി.ബി,സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ.മഞ്ജുരാജ് കെ.പി, ജനറൽ സർജറി വിഭാഗം മേധാവി ഡോ.ജിബിൻ.കെ.തോമസ്, ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അരുൺ ജോർജ് തറയാനിൽ, ക്രിട്ടിക്കൽ കെയർ വിഭാ​ഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.ജോസുകുട്ടി മാത്യു, ഡോ.അഞ്ജു മേരി ദേവസ്യ, കൺസൾട്ടന്റ് ഡോ.ജാസൺ സഖറിയ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.ബേസിൽ പോൾ മനയാലിൽ, ഡോ.ജെയിംസ് സിറിയക്, ഡോ.ശിവാനി ബക്ഷി, പി.എം.ആർ വിഭാഗം മേധാവി ഡോ.ഷിപ്ര രചന സിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

Leave a Reply

Your email address will not be published. Required fields are marked *