പാലാ: ഏറ്റവും ആഴമായ ബന്ധമാണ് പുരുഷനും സ്ത്രിയും തമ്മിലുള്ളത്. വിവാഹത്തിലുടെയും കുട്ടികളിലൂടെയും ഇവർ ഒന്നായി തീരുന്ന കുടുംബം കുട്ടായ്മയാണ്.
അനാദി മുതൽ ദൈവം കൂട്ടായ്മ പ്ലാൻ ചെയ്തിരുന്നു. ദൈവത്തിൻ്റെ കരം പിടിച്ച് ആദിമാതാപിതാക്കൾ ഏദൻ തോട്ടത്തിലുടെ ഉലാത്തിയതാണ് ഏറ്റവും നല്ല കൂട്ടായ്മ. ദൈവം തന്നെ കുട്ടായ്മയാണ്.
ദൈവം മനുഷ്യരിൽ നിന്ന് ആഗ്രഹിക്കുന്നതും കൂട്ടായ്മയാണ്. കൂട്ടായ്മയുടെ പ്രവർത്തന മൂലമാണ് രൂപത ഒറ്റക്കെട്ടായി പോകുന്നതെന്നും 26ആമത് പാലാ രൂപത കുടുംബകൂട്ടായ്മ വാർഷികം ഉദ്ഘാടനം ചെയ്ത് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു.
രൂപതാ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനി മണ്ഡപം അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
രൂപത ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, സിറോ മലബാർ കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ, ജോളി തോമസ് വയലിൽകളപ്പുര എന്നിവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു.
സെക്രട്ടറി ബാബു പോൾ പെരിയപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു.ഏ, ബി, സി, ഡി വിഭാഗത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ കുടുംബ കൂട്ടായ്മകൾക്കുള്ള ട്രോഫികൾ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു.
എ വിഭാഗത്തിൽ പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ ഇടവകയും കാക്കൊമ്പ് സെൻ്റ് മേരീസ് ഇടവകയും ബി വിഭാഗത്തിൽ ഉള്ളനാട് സേക്രട്ട് ഹാർട്ട് ഇടവകയും കാവുംകണ്ടം സെൻ്റ് മരിയാഗൊരേത്തി ഇടവകയും സി വിഭാഗത്തിൽ മുട്ടം സിബിഗിരി സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയും ഏന്തയാർ സെൻ്റ് മേരീസ് ഇടവകയും ഡി വിഭാഗത്തിൽ കടുത്തുരുത്തി സെൻ്റ് മേരീസ് ഫൊറോന ഇടവകയും കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന ഇടവകയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
സമ്പൂർണ്ണ ബൈബിൾ പകർത്തി എഴുതിയ വ്യക്തികളെയും കുടുംബങ്ങളെയും
ചടങ്ങിൽ ആദരിച്ചു. രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും ആയിരത്തിലധികം പ്രതിനിധികൾ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു.
പൂഞ്ഞാർ ഫൊറോന പള്ളിയിലെ വൈദികനെ ആക്രമിച്ച സംഭവത്തിൽ യോഗം ശക്തമായി പ്രതിഷേധിക്കുകയും കുറ്റക്കാർക്കെതിരെ നടപടി സ്വികരിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. രൂപത ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ പ്രമേയം അവതരിപ്പിച്ചു.