pala

അനാഥാലയത്തിന്റെ സ്ഥലം കയ്യേറാൻ ശ്രമം

പാലാ: അനാഥാലയത്തിന്റെ സ്ഥലം കയ്യേറാൻ സ്വകാര്യ വ്യക്തി ശ്രമിക്കുന്നതായി പരാതി. സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ അല്ലപ്പാറ ബോയിസ് ടൗൺ ജംക്ഷനിലെ ദയാഭവൻ അനാഥാലയത്തോടു ചേർന്നുള്ള സ്ഥലം സ്വകാര്യ വ്യക്തി കയ്യേറാൻ ശ്രമിക്കുകയാണെന്നാണ് പരാതി.

പ്രായമുള്ളവരെ സംരക്ഷിക്കുന്ന അഗതി മന്ദിരത്തിന്റെ പിൻഭാഗത്തെ 10 അടി ഉയരമുള്ള കരിങ്കൽ മതിൽ ഇടിച്ചു നിരത്തുകയും പുതിയ മതിൽ നിർമിക്കാനായി അഗതി മന്ദിരത്തിന്റെ സ്ഥലം കയറി മണ്ണ് നീക്കം ചെയ്യാനുമുള്ള നീക്കത്തിനെതിരെയുമാണ് സ്നേഹഗിരി സിസ്റ്റഴ്സ് പരാതി നൽകിയത്.

സ്ഥലം കയ്യേറി കുറ്റിയടിച്ച് കയർ കെട്ടിയശേഷം മതിൽ നിർമിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. സംഭവം കന്യാസ്ത്രീകൾ സ്ഥലം കൗൺസിലറും നഗരസഭാധ്യക്ഷനുമായ ഷാജു വി.തുരുത്തനെ വിവരം അറിയിച്ചു. ഇവിടെ നിന്ന് മണ്ണെടുത്ത് വിൽപന നടത്തുന്നതായി മുൻപ് പരാതി ഉയർന്നതിനെത്തുടർന്ന് ജിയോളജി വകുപ്പ് മണ്ണെടുപ്പ് ചെയ്തിരുന്നു.

സ്റ്റേ ഓർഡർ മറികടന്നാണ് ഇപ്പോൾ മണ്ണെടുപ്പും കയ്യേറ്റവും തുടരുന്നതെന്നാണ് ആക്ഷേപം. റീ സർവേ പ്രകാരം കരം അടയ്ക്കുന്നതും പോക്കുവരവ് നടത്തിയതും വില്ലേജിൽ നിന്ന് സ്ഥലത്തിന്റെ പ്ലാൻ ലഭിച്ചിട്ടുള്ളതുമാണെന്ന് സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് പറഞ്ഞു. സിസ്റ്റർ നിർമൽ ജിയോ, സിസ്റ്റർ കാരുണ്യ എന്നിവരുടെ നേതൃത്വത്തിൽ ആർഡിഒ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.

മാണി സി.കാപ്പൻ എംഎൽഎ ഇന്നലെ സ്ഥലം സന്ദർശിച്ചു. പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ റവന്യു അധികൃതർക്കു എംഎൽഎ നിർദേശം നൽകി. ഇന്ന് ആർഡിഒ സ്ഥലം സന്ദർശിക്കുമെന്നും മാണി സി.കാപ്പൻ പറഞ്ഞു.

മണ്ണെടുപ്പും കയ്യേറ്റവും മൂലം അഗതികളും അനാഥരുമായ വൃദ്ധജനങ്ങളെ സംരക്ഷിക്കുന്ന ദയാഭവൻ കെട്ടിടവും പുരയിടവും അപകട ഭീഷണിയിലാണെന്നും അടിയന്തരമായി സംരക്ഷണ ഭിത്തി പുനർനിർമിക്കണമെന്നും പാലാ പൗരാവകാശ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി കളരിക്കൽ അധ്യക്ഷത വഹിച്ചു.

ദയാഭവനു അടിയന്തരമായി സംരക്ഷണ ഭിത്തി നിർമിച്ചു നൽകണമെന്നും മതിൽ പൊളിച്ചു നീക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെടിയുസി (എം) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *