മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഓണക്കോടി സമ്മാനിക്കുന്നു.
സമൂഹത്തിൽ ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവർ എന്ന നിലയിൽ അവർക്കുള്ള അംഗീകാരത്തിന്റെയും, ആദരവിന്റെയും ഭാഗമായിട്ടാണ് ഓണക്കോടി നൽകുന്നത് എന്ന് എംഎൽഎ അറിയിച്ചു. ഓണക്കോടി വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൂഞ്ഞാർ രാജകുടുംബാംഗമായ ഉഷാ വർമ്മ തമ്പുരാട്ടി പൂഞ്ഞാറിൽ വച്ച് നിർവഹിക്കും.
തുടർന്ന് ഓരോ പഞ്ചായത്തിലും നേരിട്ട് എത്തി അതാത് പഞ്ചായത്ത് കോൺഫറൻസ് ഹാളുകളിൽ സംഘടിപ്പിക്കുന്ന ഓണസമ്മേളനത്തിൽ വച്ച് ഓണക്കോടികൾ വിതരണം ചെയ്യും. 2-)o തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തീക്കോയി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് കെ.സി ജെയിംസിന്റെ അധ്യക്ഷതയിലും, 11.30 ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിലും, ഉച്ചയക്ക് 1 മണിക്ക് പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ഗീത നോബിളിന്റെ അധ്യക്ഷതയിലും , 2.30 ന് ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട വ്യാപാരഭവനിലും, 4 മണിക്ക് തിടനാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനിയുടെ അധ്യക്ഷതയിലും ഓണക്കോടികൾ വിതരണം ചെയ്യും.
തുടർന്ന് 3-)o തിയതി ബുധനാഴ്ച രാവിലെ 10 ന് പാറത്തോട് പഞ്ചായത്തിൽ പ്രസിഡന്റ് കെ.കെ ശശികുമാറിന്റെ അധ്യക്ഷതയിലും, 11.30ന് കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ബിജോയ് ജോസിന്റെ അധ്യക്ഷതയിലും 2.30 ന് കോരുത്തോട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ജാൻസി സാബുവിന്റെ അധ്യക്ഷതയിലും , 4 മണിക്ക് എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സുബി സണ്ണിയുടെ അധ്യക്ഷതയിലും ഓണക്കോടികൾ വിതരണം ചെയ്യും.
നിയോജകമണ്ഡലം തലത്തിൽ ആയിരം ഓണക്കോടികളാണ് വിതരണം ചെയ്യുന്നതെന്നും എംഎൽഎ അറിയിച്ചു. വിതരണത്തിനായി അതാത് തദ്ദേശസ്ഥാപനങ്ങളിൽ ചേരുന്ന സമ്മേളനങ്ങളിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ബന്ധപ്പെട്ട സർക്കാർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിക്കും.