ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക ഗവൺമെന്റ് കോളേജും ഏക പ്രൊഫഷണൽ കോളേജുമായ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ 5 പുതിയ കോഴ്സുകൾ ആരംഭിക്കുന്നു.
പുതിയ കോഴ്‌സുകളുടെ ഓപചാരിക ഉദ്ഘാടനവും, ഈ വർഷം വിജയകരമായി കോഴ്സ് പൂർത്തീകരിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി. എ അരുൺകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.അക്ഷയ് ഹരി, ഗ്രാമപഞ്ചായത്ത് അംഗം സജി സിബി, കോളേജ് അക്കാഡമിക് കോർഡിനേറ്റർ ഷൈൻ പി. ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
നിലവിൽ ഈ കോളേജിൽ ബിടെക് (കമ്പ്യൂട്ടർ സയൻസ്) , എംസിഎ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനീയറിങ് , ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ കോഴ്‌സുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
പുതുതായി ബിടെക് ഇലക്ട്രോണിക്സ്, ബിടെക് കമ്പ്യൂട്ടർ സയൻസ് (അഡിഷണൽ ബാച്ച് ),ബി.ബി.എ, ബി.സി.എ, ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ എൻജിനീയറിങ്, ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ് എന്നിങ്ങനെ 5 കോഴ്സുകൾ കൂടി ആരംഭിക്കുകയാണ്.
ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്കിനിക്കൽ എഡ്യൂക്കേഷന്റെ പ്രത്യേക അനുമതിയോടെയാണ് അണ്ടർ ഗ്രാജുവേറ്റ് കോഴ്‌സുകളായ ബി.ബി.എ, ബി.സി.എ എന്നീ കോഴ്‌സുകൾ ആരംഭിക്കാൻ കഴിഞ്ഞത്.
25 ഏക്കർ സ്ഥലവും മതിയായ കെട്ടിട സൗകര്യങ്ങളുമുള്ള പൂഞ്ഞാർ എഞ്ചിനീയറിങ്
കോളേജിൽ, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്, മിനി ഐടി പാർക്ക് ഇവ ആരംഭിക്കുന്നതിനുള്ള നടപടിക്രങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് എം. എൽ. എ അറിയിച്ചു.
കോളേജിന്റെ സ്പോർട്സ് ഗ്രൗണ്ട് ഖേലോ ഇന്ത്യ പദ്ധതിൽ പെടുത്തി മികച്ച സ്റ്റേഡിയമാക്കി മാറ്റുന്നതിന് ഫണ്ട് ലഭ്യമാകുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്നും എം. എൽ. എ കൂട്ടിച്ചേർത്തു.വിദ്യാഭ്യാസ, തൊഴിൽ, സംരംഭക പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പൂഞ്ഞാർ എഞ്ചിനീയറിങ് കോളേജ് മികവുറ്റ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും എം. എൽ. എ അറിയിച്ചു.