പൂഞ്ഞാർ : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കമ്പിളിയോലിക്കൽ- തണ്ണിപ്പാറ റോഡിനെയും, തണ്ണിപ്പാറ – നെല്ലിക്കച്ചാൽ റോഡിനെയും തമ്മിൽ ബന്ധിപ്പിച്ച് ലിങ്ക് റോഡ് ആയി ഉപയോഗിച്ചിരുന്ന നെല്ലിക്കച്ചാൽ- കുന്നുംപുറം റോഡിന്റെ ഏതാനും ഭാഗം കൂട്ടിമുട്ടിക്കാതിരുന്നതിനാൽ പൂർണ്ണമായി ഉപയോഗക്ഷമമല്ലാതിരുന്നത് എംഎൽഎ ഫണ്ടിൽനിന്നും 3.20 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്ത് റോഡിന്റെ ഇരുവശങ്ങളും തമ്മിൽ ബന്ധിപ്പിച്ച് പൂർണ്ണമായ തോതിൽ റോഡ് ഉപയോഗക്ഷമമാക്കി പൂർത്തീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു അജി, പഞ്ചായത്ത് മെമ്പർമാരായ കെ.ആർ മോഹനൻ നായർ , ബിന്ദു അശോകൻ, വിഷ്ണുരാജ്,മുൻ പഞ്ചായത്ത് മെമ്പർമാരായ ടി. എസ് ബിനുക്കുട്ടൻ, ഷിഹാബ് ഉസ്മാൻ കുടുംബശ്രീ സിഡിഎസ് മെമ്പർ ഷിജിന, വിവിധ രാഷ്ട്രീയ നേതാക്കന്മാരായ കെ. പി മധു കുമാർ, ജോഷി മൂഴി യാങ്കൽ, സാബു കമ്പിളിയോലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
റോഡ് തമ്മിൽ ബന്ധിപ്പിച്ച് പൂർണമായും ഗതാഗതയോഗ്യമായതോടെ പ്രദേശത്തെ യാത്രാസൗകര്യം വളരെയേറെ വർധിച്ചിരിക്കുകയാണ്. റോഡ് പൂർത്തീകരിച്ചതിൽ ആഹ്ലാദഭരിതരായ നാട്ടുകാർ പടക്കം പൊട്ടിച്ചും, പായസ വിതരണം നടത്തിയും ഉദ്ഘാടനം വൻ വിജയമാക്കി തീർത്തു.