സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക.
രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയിൽ കരാർ മരവിപ്പിച്ചോ എന്നതിനെ കുറിച്ച് തനിക്കറിയില്ലെന്ന് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു. 3.30 ന് ക്യാബിനറ്റ് കൂടാൻ പോകുന്നെ ഉള്ളൂവെന്നും സിപിഐ മന്ത്രിമാർക്ക് പിണക്കം ഉണ്ടോ എന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ നേതാക്കളും ഇടപെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. അതിനിടയിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.





