കോഴിക്കോട് മെഡിക്കല്‍ കോളജ് ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടത്തിന് ശേഷം ആശുപത്രിയിലുണ്ടായ അഞ്ച് മരണങ്ങള്‍ക്കും അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന വിശദീകരണവുമായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഒരാള്‍ മുന്‍പ് തന്നെ മരിച്ചിരുന്നുവെന്നും മറ്റുള്ളവരുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ചിലര്‍ക്ക് വെന്റിലേറ്റര്‍ സഹായം നല്‍കിയിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പുക ശ്വസിച്ചാണ് രോഗികള്‍ മരിച്ചതെന്ന ആരോപണം ആശുപത്രി തള്ളി. മൂന്നോളം രോഗികള്‍ തീപിടുത്തവുമായി ബന്ധപ്പെട്ട് മരിച്ചെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണം. അത് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയത്.
തന്റെ മണ്ഡലത്തില്‍ നിന്നുള്ള നസീറ എന്ന യുവതിയുടെ മരണത്തെക്കുറിച്ച് ടി സിദ്ദിഖ് പേരെടുത്ത് പറഞ്ഞിരുന്നു. എന്നാല്‍ വിഷം കഴിച്ച് യുവതി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും വെന്റിലേറ്ററിലായിരുന്നുവെന്നും മരണത്തിന് തീപിടുത്തവുമായി യാതൊരു ബന്ധവുമില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. അഞ്ച് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കാര്യങ്ങളില്‍ വ്യക്തത വരൂ.
ഇന്ന് രാത്രി 8 മണിയോടെയാണ് തീപിടുത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. മൂന്ന് നിലകളില്‍ നിന്ന് രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു.
അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയിരുന്ന രോഗികളെ മറ്റ് ആശുപത്രിയിലേക്കും മറ്റുള്ളവരെ താഴെയുള്ള നിലകളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. പ്രദേശത്തുനിന്നുള്ള നിരവധി ആംബുലന്‍സുകളും രോഗികളെ മാറ്റാനായി ഉപയോഗിച്ചുവരികയാണ്.
പൊലീസും ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടനകളും ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് രോഗികളെ ഒഴിപ്പിക്കുന്നത്. തീ നിയന്ത്രണവിധേയമാണെങ്കിലും വലിയ രീതിയില്‍ പുക നിലനില്‍ക്കുന്നത് രോഗികളേയും കൂട്ടിരിപ്പുകാരേയും ബുദ്ധിമുട്ടിക്കുകയാണ്.