കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോട്ടയത്ത് മുൻസിപ്പാലിറ്റികളിൽ യുഡിഎഫിന്റെ മുന്നേറ്റം. ഫലം വിലയിരുത്തുമ്പോൾ ആറ് മുൻസിപ്പാലിറ്റികളിൽ ആറിലും യുഡിഎഫിന് ഭരണം ലഭിച്ചേക്കാം എന്ന സ്ഥതിയാണ്. ഏറ്റുമാനൂർ, കോട്ടയം, വൈക്കം, ഇരാറ്റുപേട്ട മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് ഭരണം പിടിച്ചപ്പോൾ പാലയിലും ചങ്ങനാശ്ശേരിയിലും സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താം എന്ന സ്ഥിതിയാണ്.
കോട്ടയത്ത് 53 അംഗ സഭയിൽ 31 എണ്ണത്തിൽ വിജയിച്ചാണ് യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചത്. എൽഡിഎഫ് 15 സീറ്റിൽ വിജയിച്ചപ്പോൾ ആറ് സീറ്റിൽ ബിജെപിയും വിജയിച്ചു.
ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. ഏറ്റുമാനൂരിൽ 36 അംഗ കൗൺസിലിൽ 20 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു. ഇവിടെ ബിജെപിയാണ് രണ്ടാമത്തെ വലിയ കക്ഷി. ബിജെപിക്ക് ഏഴ് സീറ്റ് ലഭിച്ചപ്പോൾ എൽഡിഎഫിന് ആറ് സീറ്റ് മാത്രമാണ് ലഭിച്ചത്. രണ്ട് സീറ്റിൽ സ്വതന്ത്രർ വിജയിച്ചു.
കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ നഷ്ടപ്പെട്ടുപോയ പാലാ നഗരസഭയുടെ ഭരണം യു.ഡി.എഫിന് അവർ പിന്തുണയ്ക്കുന്ന സ്വതന്ത്രരുടെ പിന്തുണയോടെ തിരികെ പിടിക്കാം.
26 വാർഡുകളുള്ള പാലാ നഗരസഭയിൽ 12 സീറ്റുകളിൽ മുന്നിലെത്തി എൽഡിഎഫാണ് എറ്റവും വലിയ മുന്നണി. എന്നാൽ പത്ത് സീറ്റുകളിൽ വിജയിച്ച യുഡിഎഫിന് അവർ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താം. ഇവിടെ വിജയിച്ച ഒരു സ്വതന്ത്ര സ്ഥാനാർഥിയും നിർണായകമാകും.
ഈരാറ്റുപേട്ടയിൽ 29-ൽ 16 സീറ്റുകളിൽ വിജയിച്ച് വിജയിച്ച യുഡിഎഫ് ഭരണം നിലർത്തി. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ എസ്.ഡി.പി.ഐ മൂന്ന് സീറ്റിൽ വിജയിച്ചു.
വൈക്കം നഗരസഭയിലും യു.ഡി.എഫ് ഭരണം നിലനിർത്തി. യുഡിഎഫ് 13 സീറ്റിൽ ജയിച്ചപ്പോൾ ഒൻപത് സീറ്റാണ് എൽഡിഎഫിന് നേടാനായത്. ബിജെപി മൂന്ന് സീറ്റിലും സ്വതന്ത്രർ രണ്ട് സീറ്റിലും ജയിച്ചു.
ചങ്ങനാശ്ശേരി നഗരസഭയിൽ 37 സീറ്റിൽ 13 സീറ്റുകൾ നേടിയ യുഡിഎഫാണ് വലിയ കക്ഷി. ഇവിടെ എൽഡിഎഫ് ഒൻപതും എൻഡിഎ എട്ട് സീറ്റിലും വിജയിച്ചു. ഏഴ് സീറ്റുകളിൽ വിജയിച്ച സ്വതന്ത്രർ ഇവിടെ നിർണായകമാകും.





