kottayam

ഹാപ്പിനെസ് പാർക്കും സ്മാർട്ട് അങ്കണവാടികളും; ജനകീയ ബജറ്റുമായി കോട്ടയം ജില്ലാ പഞ്ചായത്ത്

കോട്ടയം: ഹാപ്പിനെസ് പാർക്ക്, സ്മാർട് അങ്കണവാടികൾ തുടങ്ങിയ നൂതനപദ്ധതികളും ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കു സ്വയംതൊഴിൽ പോലുള്ള സാമൂഹികക്ഷേമ പദ്ധതികളുമായി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2024-2025 വാർഷിക ബജറ്റ്. അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയമാകുന്നവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തുടർചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുന്ന പുനർജ്ജനി പദ്ധതിയും ബജറ്റിൽ ഇടംപിടിച്ചു.

132.37 കോടി രൂപ (132,37,15,207)പ്രതീക്ഷിത ചെലവും 128.18 കോടി രൂപ(128,18,80,500) ചെലവും 4.18 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അവതരിപ്പിച്ചത്. മുന്നണി ധാരണയെത്തുടർന്ന് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ രാജിവച്ചതിനെത്തുടർന്നാണ് യോഗത്തിൽ അധ്യക്ഷയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തന്നെ ബജറ്റ് അവതരിപ്പിച്ചത്.

പൊതുജനങ്ങൾക്ക് മാനസിക ഉല്ലാസം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ സ്ഥലഭ്യത ഉള്ളിടത്ത് ഹാപ്പിനസ് പാർക്കുകൾ നിർമിക്കുമെന്നു ബജറ്റ് പ്രഖ്യാപിച്ചു. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഒരു പാർക്ക് സ്ഥാപിക്കും. മാലിന്യം തള്ളുന്ന സ്ഥലങ്ങൾ ഹാപ്പിനെസ് പാർക്കുകളാക്കി മാറ്റും. പഴം, പച്ചക്കറി സംസ്‌കരണരംഗത്ത് ഗുണപരമായ മാറ്റം കൊണ്ടുവരുന്നതിന് കോഴായിൽ ഭക്ഷ്യസംസ്‌കരണകേന്ദ്രം സ്ഥാപിക്കും. കോഴായിലെ ജില്ലാ ഫാം കേന്ദ്രമാക്കി ഫാം ടൂറിസമേഖലയ്ക്ക്് ഉണർവ് കൊണ്ടുവരുന്നതിനുള്ള നടപടികളും സ്വീകരിക്കും.

കാർബൺഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറച്ചു കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമാകുന്നതിനായാണ് കാർബൺ ന്യൂട്രൽ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾ സോളാർ വൈദ്യുതിയിലേക്ക് മാറുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും.

മറ്റു പ്രഖ്യാപനങ്ങൾ:

-മ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കു ഡയാലിസിസ് കിറ്റ് വിതരണം ചെയ്യും.
-തെരുവുനായ ശല്യ നിയന്ത്രണത്തിന് കോടിമതയിൽ നിലവിലുള്ള എ.ബി.സി. സെന്ററിനു പുറമേ വാഴൂർ ബ്ളോക്ക് പരിധിയിൽ ഒരു എ.ബി.സി. സെന്റർ കൂടി സ്ഥാപിക്കും.
-ജില്ലാ ആശുപത്രിയിൽ ഉപയോഗരഹിതമായി കിടക്കുന്ന അമ്മത്തൊട്ടിൽ ഉപയോഗപ്രദമാക്കും.
-അങ്കണവാടികളെ സ്മാർട്ട് ആക്കുന്നതിനായി ഒരു ഡിവിഷനിൽ ഒരു അങ്കണവാടി സ്മാർട്ടാക്കും
-കുടുംബശ്രീ യൂണിറ്റുകൾക്കും നവസംരംഭകർക്കും പ്രയോജനപ്രദമായ രീതിയിൽ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിനു മുമ്പിൽ വിപണനകേന്ദ്രം സ്ഥാപിക്കും.

-ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി ഓപ്പൺ ജിം സ്ഥാപിക്കും.
-ലഹരിമുക്തമായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ സ്‌കൂളുകളിൽ കളി സ്ഥലം നിർമിച്ചുനൽകും.

-പഞ്ചായത്തുകളുമായി സഹകരിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കു സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള പദ്ധതിയും പാലിയേറ്റീവ് പരിചരണം എല്ലാ വീടുകളിലും എത്തുന്നതിനുള്ള വിപുലമായ പദ്ധതിയും നടപ്പാക്കും.

-അതിദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾക്കു വേഗം പകരുന്നതിന് പട്ടികയിലുൾപ്പെട്ടവർക്ക് ഷെൽട്ടർ ഷോം നിർമിക്കും.
-സ്‌കൂളുകളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ സ്‌കൂളുകൾക്ക് അത്യാധുനിക സയൻസ് ലാബ് നിർമിച്ചു നൽകും.
-വീടുകളിലെ പ്രായമായവർക്കു മാനസിക-ആരോഗ്യ പിന്തുണ ഉറപ്പാക്കുന്നതിന് ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളുമായി സംയോജിച്ച് പ്രാദേശിക തലത്തിൽ വനിതകളുടെ തൊഴിൽസേന സഹയാത്രിക പദ്ധതി നടപ്പാക്കും.

-മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി നിലവിൽ എം.സി.എഫ്്. ഇല്ലാത്തിടത്ത് എം.സി.എഫുകൾ സ്ഥാപിക്കും. ഹരിതകർമസേനയ്ക്കു വാഹനം ഇല്ലാത്ത ഗ്രാമപഞ്ചായത്തുകൾക്ക് വാഹനം വാങ്ങി നൽകും.
-വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള നൂതനസംവിധാനങ്ങൾ നടപ്പാക്കുന്നതിന് പെറ്റ് ഗ്രൂമിങ് സെന്റർ.

-ആടു വളർത്തൽ കർഷകർക്കു ഗുണപരമാകുന്ന രീതിയിൽ കോഴായിലെ ജില്ലാ ഫാമിൽ ആടു വളർത്തൽ കേന്ദ്രം സ്ഥാപിക്കും.
-സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായവർക്ക് ഇലക്ട്രിക് വീൽചെയർ/ കേൾവിശക്തി സഹായക ഉപകരണം എന്നിവ വിതരണം ചെയ്യും.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ബജറ്റ് അവതരണയോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, പി.എസ്. പുഷ്പമണി, ജെസി ഷാജൻ, പി.എം. മാത്യൂ, ജോസ് പുത്തൻകാല, നിർമല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, പി.ആർ. അനുപമ, ടി.എൻ. ഗിരീഷ്‌കുമാർ, ഹേമലതാ പ്രേംസാഗർ, രാധാ വി. നായർ, റെജി എം. ഫിലിപ്പോസ്, സുധ കുര്യൻ, ഡോ. റോസമ്മ സോണി, ജോസ്മോൻ മുണ്ടയ്ക്കൽ, ഹൈമി ബോബി എന്നിവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു. കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *