general

പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണസമാപന സമ്മേളനം നടന്നു

കൂത്താട്ടുകുളം : വിശുദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളും സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനവും കൂത്താട്ടുകുളം തിരുകുടുംബ ഫൊറോന പള്ളിയിൽ നടന്നു.

ഇൻ്റർ ചർച്ച് കൗൺസിൽ, കെ സി ബി സി എക്യുമെനിക്കൽ കമ്മീഷൻ, കേരള കൗൺസിൽ ഓഫ് ചർച്ചസ് എന്നീ സമിതികൾ സംയുക്തമായി ആണ് രണ്ടാം വർഷവും യൂണിറ്റി ഒക്ടേവ് കേരളത്തിൽനടത്തിയത് . ആഗോള തലത്തിൽ കത്തോലിക്കാ സഭയുടെ ഡിക്കാസ്ടറി ഫോർ പ്രൊമോടിങ് ക്രിസ്റ്റ്യൻ യൂണിറ്റിയും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസും സംയുക്തമായി ആണ് ഇതിന് പ്രാർത്ഥന സാമഗ്രികൾ നൽകി നേതൃത്വം നൽകുന്നത്.

ജനുവരി 18ന് ചെങ്ങന്നൂരിൽ മാർത്തോമ്മാ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച യൂണിറ്റി ഒക്ടേവ് വിവിധ ദിവസങ്ങളിലായി ഓർത്തഡോക്സ് സഭ, ലത്തീൻ സഭ, സിഎസ്ഐ സഭ, യാക്കോബായ സഭ, സീറോ മലങ്കര സഭ, ക്നനാനായ സുറിയാനി സമുദായം എന്നിവയുടെ നേതൃത്വത്തിൽ നടന്നതിൻ്റെ സമാപനമായിരുന്നു എട്ടാം ദിനത്തിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ സായാഹ്ന നമസ്‌കാരത്തോടെയും സഭൈക്യ യോഗത്തോടെയും കൂത്താട്ടുകുളത്ത് 25 ഞായറാഴ്ച വൈകുന്നേരം നടന്നത്.

സഭൈക്യ യോഗം സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ വലിയ മെത്രാപ്പോലീത്താ ഐക്യ ദീപം തെളിയിച്ച് നിർവഹിച്ചു. സഭകൾ ഒന്നിച്ചു നിന്ന് ക്രൈസ്തവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് ഉൽഘാടന പ്രസംഗത്തിൽ മേജർ ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു.

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയിലെ യൂഹാനോൻ മാർ പോളികാർപോസ് മെത്രാപ്പോലീത്താ, സിഎസ്ഐ സഭ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ് വി എസ് ഫ്രാൻസിസ് , ട്രാവൻകൂർ – കൊച്ചിൻ ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ബിഷപ് ജോൺ ചെട്ടിയാത്തറ, പാലാ രൂപത മെത്രാനും കെ സി ബി സി എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. ഒരോ സഭയും അവരവരുടെ ഉറവിടങ്ങളും പാരമ്പര്യങ്ങളും വിശ്വസ്തതയോടെ കാത്തുസൂക്ഷിക്കണം എന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സൂചിപ്പിച്ചു.

ക്രൈസ്തവ സഭകളും സമുദായങ്ങളും വിവിധ പ്രതിസന്ധികൾ നേരിടുന്നുണ്ട്, ഇത്തരത്തിലൂടെയുള്ള കൂടി വരവുകൾ പ്രോത്സാഹിപ്പിച്ച് അവയ്ക്ക് പരിഹാരങ്ങൾ കണ്ടെത്താൻ ഇനിയും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സീറോ മലങ്കര സഭ മൂവാറ്റുപുഴ രൂപത വികാരി ജനറൽ ഡോ. തോമസ് ഞാറക്കാട്ട് കോർഎപ്പിസ്കോപ്പാ, ഫാ. ഷെറിൻ വി ഉമ്മൻ(മലങ്കര മാർത്തോമ്മാ സഭ മുളക്കുളം ക്രൈസ്റ്റ് ചർച്ച് & പാമ്പാക്കുട ഇമ്മാനുവേൽ ചർച്ച് വികാരി), ഫാ. അബി ആൻ്റണി പുള്ളൂക്കാരൻ (പൗരസ്ത്യ കൽദായ സുറിയാനി സഭ സെൻ്റ് തോമസ് കൽദായ സുറിയാനി പള്ളി, എറണാകുളം വികാരി), മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ.എബിൻ ഏബ്രഹാം, ഇൻർ ചർച്ച് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ഫാ.സിറിൽ തോമസ് തയ്യിൽ, കൂത്താട്ടുകുളം ഫൊറോന വികാരി ഫാ. ജെയിംസ് കുടിലിൽ എന്നിവർ പ്രസംഗിച്ചു.

സഹവികാരി ഫാ. ജോസഫ് മരോട്ടിക്കല്‍, കൈക്കാരന്മാരായ ബാബു സ്റ്റീഫൻ മാനംമൂട്ടിൽ, സണ്ണി ജേക്കബ് കടവുങ്കൽ, ജോസ് വർഗീസ് വെള്ളാരിങ്ങൽ, എബിൻ എബ്രഹാം മരുതുവെട്ടിയാനിക്കൽ എന്നിവർ സമാപന ദിന പരിപാടികൾക്ക് നേതൃത്വം നൽകി.

കെ സി ബി സി എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. ദാനിയേൽ ബധേൽ, കെ സി സി ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി തോമസ്, ഇൻ്റർ ചർച്ച് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ എന്നിവരുടെ കോർഡിനേഷനിലാണ് എട്ടു ദിവസങ്ങൾ നീണ്ടു നിന്ന സഭൈക്യ വാരം കേരളത്തിൽ ഏകോപിതമായി നടന്നത്. വിവിധ ഇടങ്ങളിൽ വിവിധ രൂപതകളും സമിതികളും സെമിനാരികളും സഭൈക്യ വാരം സംഘടിപ്പിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *