kanjirappalli

വഖഫ് നിയമ ഭേദഗതി ബില്ലിന് അനുകൂലമായി എം പി മാർ വോട്ട് ചെയ്യണം : കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി

കാഞ്ഞിരപ്പള്ളി: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് നിർദ്ദേശിച്ച് കത്തോലിക്ക കോൺഗ്രസ്. ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ ഒരു മതനിയമവും ഇന്ത്യയിൽ ഇല്ല. മത നിയമങ്ങളല്ല രാജ്യത്തെ ഭരിക്കേണ്ടതെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.

അന്യായമായ വ്യവസ്ഥകൾ ഭേദഗതി ചെയ്തേ മതിയാകൂ. ശരിയത്ത് നിയമം രാജ്യത്തെ മുഴുവൻ ജനതയുടെയും മുകളിൽ അടിച്ചേൽപ്പിക്കരുത്. ജനങ്ങളെ സ്നേഹിക്കുന്നു എങ്കിൽ നിയമഭേദഗതിയെ എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.

സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു 12 മണിയോടെ ആയിരിക്കും ബിൽ അവതരിപ്പിക്കുക.

ബില്ലിനെ എതിർക്കാനാണ് കോൺ​ഗ്രസ് ഉൾപ്പെടുന്ന ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും ബില്ലിനെ എതിർക്കും. മുനമ്പം ഭൂമി തർക്കം കേരളത്തിലെ മാത്രം വിഷയമായി കണ്ട് പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം.

മുനമ്പം വിഷയത്തിന്റെ പേരിൽ വഖഫ് ബില്ലിനെ അനുകൂലിക്കേണ്ടതില്ലെന്നും ഇന്ത്യ മുന്നണി യോഗത്തിൽ തീരുമാനം എടുത്തു. ബില്ലിന്മേലുള്ള ചർച്ചക്കായി എട്ടു മണിക്കൂറാണ് മാറ്റി വയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *