കോട്ടയം :ജില്ലയിൽ 64 കോടി രൂപയുടെ ഭരണാനുമതി വിവിധ കായിക പദ്ധതികൾക്കായി ലഭിച്ചിട്ടുണ്ടെന്ന് സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ. നീണ്ടൂരിൽ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി തൃക്കേൽ സ്‌റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരുകോടി രൂപ മുടക്കിയാണ് നീണ്ടൂരിലെ തൃക്കേൽ സ്‌റ്റേഡിയത്തിന്റെ നിർമാണം നടത്തുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എം.എൽ.എ. കൂടിയായ മന്ത്രി വി.എൻ. വാസവന്റെ വികസനഫണ്ടിൽ നിന്ന് 50 ലക്ഷംരൂപയും ചെലവിട്ടാണ് നിർമാണം.
ഒരേക്കറോളം വരുന്ന ഗ്രൗണ്ടിൽ ഫെൻസിങ്, സ്ട്രീറ്റ് ലൈറ്റ്, ഡ്രെയ്നേജ് സംവിധാനം, ഓപ്പൺ ജിം എന്നിവയും ഇൻഡോറിൽ സ്പോർട്സ് ഫ്ളോറിങ് എന്നിവയും സജ്ജീകരിക്കും. ഫുട്ബോൾ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങൾക്കായി ഏകദേശം 90 മീറ്റർ നീളത്തിലും 35 വീതിയിലുമാണ് ഗ്രൗണ്ട് നിർമ്മിക്കുന്നത്.
ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.കെ. ശശി,പി.ടി. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടൻ, മായ ബൈജു, പുഷ്പമ്മ തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, കെ.ആർ സനൽ, റോബിൻ ജോസഫ്, ജോസ് പാറേട്ട്, പി.ഡി വിജയൻ നായർ, സി.എസ് സുരേഷ് എന്നിവർ പങ്കെടുത്തു.