kottayam

എൽഡിഎഫിൽ തുടരും, രണ്ടില കരിഞ്ഞിട്ടില്ല; സംഘടനാ വോട്ടുകൾ കിട്ടി: ജോസ് കെ. മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിനൊപ്പംതന്നെ തുടരുമെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി. പാലായിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി. പാലായിലെ ഏറ്റവും വലിയ ഒറ്റകക്ഷി കേരള കോണ്‍ഗ്രസാണ്.

രണ്ടില കരിഞ്ഞെന്ന പ്രചാരണം തെറ്റാണെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു. സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

എല്‍ഡിഎഫിനോടൊപ്പമാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാലാ നഗരസഭയില്‍ രണ്ടില ചിഹ്നത്തില്‍ കഴിഞ്ഞ പ്രാവശ്യത്തേതു പോലെ ഇപ്രാവശ്യവും കേരള കോണ്‍ഗ്രസ് പത്ത് സീറ്റ് നേടി.

നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കേരള കോണ്‍ഗ്രസ് തന്നെയാണ്. പാലാ നിയമസഭാ മണ്ഡലത്തില്‍ 2,198 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനാണ്.

തൊടുപുഴ നഗരസഭയില്‍ ജോസഫ് ഗ്രൂപ്പ് 38 വാര്‍ഡുകളില്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത് രണ്ടിടത്ത് മാത്രമാണ്. തൊടുപുഴ നഗരസഭയുടെ ചരിത്രത്തില്‍ ഒരുവട്ടംപോലും ചെയര്‍മാനായി ജോസഫ് ഗ്രൂപ്പ് വന്നിട്ടില്ല. പക്ഷേ, കേരള കോണ്‍ഗ്രസ് മൂന്നുതവണ വന്നെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളെല്ലാം ലഭിച്ചിട്ടുണ്ട്. അപ്പോഴും സംസ്ഥാനത്ത് കുറച്ച് വോട്ടുകള്‍ യുഡിഎഫിലേക്ക് പോയിട്ടുണ്ട്.

എങ്കിലും 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് ജില്ലാ പഞ്ചായത്തുകള്‍ ഇപ്പോഴും എല്‍ഡിഎഫിന്റെ കൈയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോണ്‍ഗ്രസും മുസ്ലിംലീഗും മുന്നണി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്.

കേരള കോണ്‍ഗ്രസിനടക്കം വാതില്‍ തുറന്നിട്ടിരിക്കുകയാണ് യുഡിഎഫ്. ഈ പശ്ചാത്തലത്തിലാണ് ജോസ് കെ. മാണിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *