ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്ത് – നഗരസഭ പരിധിയിൽ നിരോധിത പ്ലാസ്റ്റിക് സാധനങ്ങളുടെ വിപണനം തടയലും ശുചിത്വ പരിശോധനയും എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആരംഭിച്ചു. ആദ്യ ഘട്ട പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
50 ഓളം കടകൾ ഉൾപ്പടെ സ്ഥാപനങ്ങളിലെ ശുചിത്വവും മാലിന്യ സംസ്ക്കരണവും വിലയിരുത്തി. വരും ദിവസങ്ങളിൽ പരിശോധന തുടരും. മാലിന്യ നിർമാർജന ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ.
ജില്ലാ തല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൂടാതെ ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് തല സ്ക്വാഡുകളുമുണ്ട്. ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ സ്ക്വാഡുകൾ സംയുക്തമായി ചേർന്നാണ് പരിശോധന. ബ്ലോക്ക് സ്ക്വാഡിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, മൂന്നിലവ്, തലനാട്, തീക്കോയി, തിടനാട്, മേലുകാവ് പഞ്ചായത്തുകളിലാണ് പരിശോധനകൾ.
കൂടുതലായി മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, ബാങ്കുകൾ ഉൾപ്പടെ ആണ് പരിശോധന കർക്കശമാക്കിയിരിക്കുന്നത്.

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനം, മാലിന്യ സംസ്കരണ ഉപാധികളുടെ പ്രവർത്തനം, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, യൂസർ ഫീ നൽകൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ചുമത്തുകയും തുടർന്ന് പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുകയും ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ബാബുരാജ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി രാജൻ എന്നിവർ അറിയിച്ചു.