kottayam

കോട്ടയം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട്

കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ജില്ലയില്‍ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വൈദ്യുതി വിതരണവും താറുമാറായി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് മിക്കയിടങ്ങളിലും ശക്തമായ കാറ്റ് വീശിയത്. വൈക്കം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരം വീണ് വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. കിടങ്ങൂര്‍, കാണക്കാരി, കുറുപ്പുന്തറ എന്നിവിടങ്ങളില്‍ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി ചോറ്റി, പൈങ്ങന എന്നിവടങ്ങളിലും മരം വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.

കൂടല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തും കുമരകം റോഡിലും സിഎംഎസ് കോളേജിന്റെ മുന്നിലും മരം വീണു. മണിക്കൂറുകള്‍ ശ്രമപ്പെട്ടാണ് അഗ്നിരക്ഷാസേന മരങ്ങള്‍ മുറിച്ചുമാറ്റിയത്. പനച്ചിക്കാട് സഹകരണ ബാങ്കിന്റെ മേല്‍ക്കൂരയിലെ ഏഴ് സോളാര്‍ പാനലുകള്‍ പറന്നു പോയി. പാനലുകള്‍ സമീപത്തെ കൃഷിഭവന്റെ മേല്‍ക്കുരയില്‍ വീണ് സീലിംഗ് തകര്‍ന്നു.

ഈരാറ്റുപേട്ട വെയില്‍കാണാംപാറ വയലില്‍ ജോര്‍ജിന്റെ വീട് ഉള്‍പ്പെടെ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചേര്‍പ്പുങ്കലില്‍ മരം വീണ് ഉപ്പുതറ സ്വദേശിയുടെ ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. കാറ്റ് കനത്ത ദുരിതം വിതച്ചെങ്കിലും ആളപായമില്ല എന്നത് മാത്രമാണ് ആശ്വാസം. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *