കനത്ത വേനൽച്ചൂടിന്റെ പശ്ചാത്തലത്തിൽ ഉഷ്ണതരംഗ ജാഗ്രതാ മുന്നറിയിപ്പുള്ള ജില്ലകളിൽ ഹരിതകർമ്മസേനാംഗങ്ങളുടെ വാതിൽപടി മാലിന്യശേഖരണ സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. വാതിൽപടി ശേഖരണം രാവിലെ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷവുമായി ക്രമീകരിക്കാനാണ് തദ്ദേശസ്വയംഭരണവകുപ്പിന്റെ നിർദ്ദേശം.
വാതിൽപടി ശേഖരണത്തിന് പോകുന്ന ഹരിതകർമ്മസേനാംഗങ്ങൾ ആവശ്യത്തിന് കുടിവെള്ളം, ഒ.ആർ.എസ്, സൺസ്‌ക്രീം/ലോഷനുകൾ എന്നിവ കരുതണം. ആവശ്യമെങ്കിൽ യൂണിഫോമിന്റെ ഭാഗമായുള്ള കട്ടികൂടിയ ഓവർകോട്ടുകൾ താൽക്കാലികമായി ഒഴിവാക്കാം. അയഞ്ഞതും ഇളം നിറത്തിലുമുള്ള പരുത്തി വസ്ത്രങ്ങൾ, കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കുക.
പ്രായമായവർ, ഗർഭിണികൾ മറ്റു രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്ന ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ വാതിൽപടി ശേഖരണത്തിന് പോകുമ്പോൾ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വാതിൽപ്പടി ശേഖരണം നടത്തുമ്പോൾ വിശ്രമിക്കുന്നതിന് തദ്ദേശസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളോ സ്ഥാപനങ്ങളോ ഉപയോഗിക്കാം. ഹരിതകർമസേനാംഗങ്ങൾ ശേഖരത്തിനു പോകുമ്പോൾ വീടുകളിലും സ്ഥാപനങ്ങളിലും കുടിവെളളം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനം ഒരുക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.