kanjirappalli

ഹാഫ് ബർത്ത് ഡേ സെലിബ്രേഷൻ ആഘോഷിച്ചു മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രി, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ദേശീയ നിയോനാറ്റോളജി ഫോറം എന്നിവരുടെ സഹകരണത്തോടെ കുട്ടികളുടെ ഹാഫ് ബർത്ത് ഡേ സെലിബ്രേഷൻ ആശുപത്രിയിൽ സംഘടിപ്പിച്ചു.

നവജാത ശിശുക്കളുടെ ജീവിതത്തിലെ ഏറ്റവും നിർണണായകമായ വഴിത്തിരിവാണ് ആറാമത്തെ മാസം. ഭക്ഷണരീതിയിൽ ഉൾപ്പെടെ ക്രമാനുഗതമായ മാറ്റങ്ങൾ വരുത്തേണ്ടതും ആരോഗ്യകാര്യങ്ങളിൽ സവിശേഷമായ ശ്രദ്ധപതിപ്പിക്കേണ്ടതുമായ കാലയളവ് എന്ന നിലയിലാണ് ആറ്‌ മാസം പ്രായമായ കുഞ്ഞുങ്ങളുടെ ഹാഫ് ബർത്ത് ഡേ എന്ന സംഗമത്തിന് വേദിയൊരുക്കിയത്.

ആറ് മാസത്തിന് ശേഷം കുട്ടികൾക്ക് ആവശ്യമായ പോഷകാഹാര ക്രമീകരണം ഏത് രീതിയിൽ നടത്തണം, ശരിയായ ആഹാരക്രമങ്ങൾ എന്തൊക്കെയാണ് എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ്സുകൾക്ക് പുറമെ ഡോക്ടർമാരുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ ശാരീരിക വളർച്ചയും ബുദ്ധിവികാസവും വിലയിരുത്തുന്നതിനായുള്ള പരിശോധനകളും, മാതാപിതാക്കളുടെ സംശയങ്ങളും ആശങ്കകളും പങ്കുവെയ്ക്കുവാനുള്ള ചർച്ചാ സദസ്സും കൂടി ഉൾപ്പെട്ടതായിരുന്നു ഹാഫ് ബർത്ത് ഡേ സെലിബ്രേഷൻ.

മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ. ഒ. ജോസ് ക്ലാസ്സുകൾ നയിച്ചു.

മേരീക്വീൻസ് ജോയിൻ്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേരീക്വീൻസ് മെഡിക്കൽ ഡയറക്ടറും ശിശുരോഗ വിഭാഗം മേധാവിയുമായ ഡോ. മനോജ് മാത്യു, ഡോ. ലിസിയമ്മ ജോസ്, ഡോ. എഡ്വിൻ സാർത്തോ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *