കോട്ടയം നീറിക്കാട് മരിച്ച അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും. പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ തന്നെ പൊതുദർശനത്തിനു വേണ്ടി പുറത്തെടുത്തു.
തുടർന്ന് ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയായ നീർക്കാട് പള്ളിയുടെ പാരിഷ് ഹാളിലേക്ക് പൊതുദർശത്തിനായി കൊണ്ട് പോയി. 9 മണി മുതൽ 10.30 വരെ ഇവിടെ പൊതുദർശനം നടന്നു. നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി. ഭർത്താവ് ജിമ്മിയും അമ്മയും അടക്കമുള്ളവർ ഇവിടെ എത്തിയാണ് മൃതദേഹങ്ങൾ കണ്ടത്.
ഭർതൃവീട്ടിലേക്ക് കൊണ്ട് കൊണ്ടുപോകുന്നതിന് ജിസ്മോളുടെ വീട്ടുകാർ നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. 11 മണിയോടെ മുത്തോലിയിലെ ജിസ്‌മോളുടെ തറവാട്ട് വീട്ടിലേക്ക് മൂന്നുപേരുടെയും മൃതദേഹങ്ങൾ കൊണ്ടുവന്നു. ബന്ധുക്കളും നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകളാണ് ഇവിടെയും അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.
സംസ്കാരം പാലാ പൈങ്ങുളം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ 3 മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത് . അതേസമയം, കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.