കോട്ടയം: കേരളാ കോൺഗ്രസ് നേതാവ് കെ ഫ്രാൻസീസ് ജോർജ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കോട്ടയത്ത് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ തിങ്ങി നിറഞ്ഞ മാധ്യമപ്രവർത്തകരുടേയും പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
കേരളാ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക ചെയർമാൻ പരേതനായ കെ എം ജോർജിൻ്റെ മകനാണ് അറുപത്തെട്ടുകാരനായ ഫ്രാൻസീസ് ജോർജ്. രണ്ടു തവണയായി പത്തു വർഷം ഇടുക്കിയിൽ നിന്ന് ലോക്സഭാംഗമായിരുന്ന ഫ്രാൻസീസ് ജോർജ് മികച്ച വാഗ്മിയും സംഘടകനും ബഹുഭാഷാപണ്ഡിതനുമാണ്.
ബാംഗളൂർ ക്രൈസ്റ്റ് കോളേജിലും തിരുവനന്തപുരം ലോ അക്കാദമിയിലുമായിരുന്നു വിദ്യാഭ്യാസം. ലോക്സഭാംഗമായിരിക്കെ വിദേശകാര്യം, പ്രതിരോധം,വ്യവസായം, വ്യാപാരം എന്നിവയുടെ പാർലമെൻ്ററി കമ്മറ്റികളിൽ അംഗമായിരുന്നു.