erattupetta

ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട: വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഈരാറ്റുപേട്ടയിലെ ഓഫീസും പ്രവാസി സേവാ കേന്ദ്രവും നാളെ (ഫെബ്രുവരി 13 വെള്ളി) വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മുനിസിപ്പൽ ഓഫീസിനു സമീപം പുളിക്കീൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്ന പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രവാസി വെൽഫെയർ ബോർഡ് ഓഫീസർ അജിത്, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ , കോട്ടയം ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ അമാനത്, നഗരസഭാ കൗൺസിലർമാർ, മറ്റു സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

തിരിച്ചുവന്ന പ്രവാസികള്‍ക്കായി, അവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കിയാണ് പ്രവാസി സേവാ കേന്ദ്രം പ്രവർത്തിക്കുക. ക്ഷേമനിധി, നോര്‍ക്ക, വിസ, ടിക്കറ്റ്, ടൂർസ്, മണി ട്രാന്‍സ്ഫര്‍, കോര്‍പ്പറേറ്റ് സര്‍വ്വീസസ്, ജി.എസ്.ടി രജിസ്‌ട്രേഷന്‍സ് തുടങ്ങിയ എല്ലാവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്കുമായുള്ള ഒരു ഏകീകൃത കേന്ദ്രമാണ് പ്രവാസി സേവാകേന്ദ്രം.

സൌദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ ആറു രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന പ്രവാസികളുടെയും മുൻ പ്രവാസികളുടെയും ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നാട്ടിൽനിന്നും പ്രവാസ ലോകത്തേക്ക് പോകുന്ന ഉദ്യോഗാർഥികളെ പിന്തുണക്കുന്നതിനുമാണ് ഇ.ജി.എ മുൻഗണന നൽകി പ്രവർത്തിച്ചുവരുന്നത്.

ഇ.ജി.എ ചീഫ് കോ-ഓർഡിനേറ്റർ റാഷിദ് ഖാൻ, കോ-ഓർഡിനേറ്റർമാരായ ജാഫർ ഈരാറ്റുപേട്ട, സഹിൽ സലീം, ഹുസൈൻ അമ്പഴത്തിനാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *