അരുവിത്തുറ: സെന്റ്. ജോർജ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എറണാകുളത്തിൻ്റെയും എം. ജി. യൂണിവേഴ്സിറ്റി എൻ.എസ്.എസ് സെല്ലിൻ്റേയും സഹകരണത്തോടെ നടത്തുന്ന ‘സ്നേഹവീട് ‘ പദ്ധതിയുടെ ഭാഗമായി നിർധനരായവർക്ക് പണിതു നൽകുന്ന രണ്ടു ഭവനങ്ങളുടെ താക്കോൽ ദാനം നടന്നു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കുടുബാംഗങ്ങൾക്ക് താക്കോലുകൾ കൈമാറി. ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ.ക്യു. ഏ .സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ്, എൻ എസ്സ് എസ്സ് വോളൻ്റിയർമാർ എന്നിവരും പങ്കെടുത്തു.
പ്ലാശനാലിലും മീനച്ചിലിലുമാണ് ആദ്യ ഘട്ടത്തിൽ വീടുകൾ പൂർത്തിയായത്. മറ്റു നാലു ഭവനങ്ങളുടെ കൂടെ നിർമ്മാണം വിവിധ സ്ഥലങ്ങളായി പുരോഗമിക്കുയാണ്. പൂർണമായും പൊതു സമൂഹത്തിൽ നിന്നു മാത്രമായി 15 ലക്ഷത്തോളം രൂപ സമാഹരിച്ചാണ് എൻ. എസ്. എസ് യൂണിറ്റ് ഈ രണ്ടു ഭവനങ്ങൾ പൂർത്തീകരിച്ചത്.