kottayam

പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തക വിതരണം തുടങ്ങി

കോട്ടയം: അടുത്ത അധ്യയനവർഷത്തേയ്ക്കുള്ള സ്‌കൂൾ പാഠപുസ്തകവിതരണം ജില്ലയിൽ ആരംഭിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഗവ. വി.എച്ച്.എസ്.എസിലെ ജില്ലാ ഹബിൽ വച്ച് പാഠപുസ്തകവിതരണത്തിന്റെ ഫ്ളാഗ് ഓഫ് കർമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു.

അധ്യയനവർഷം ആരംഭിക്കും മുമ്പു തന്നെ മുഴുവൻ വിദ്യാർഥികൾക്കു പാഠപുസ്തകമെത്തിക്കാനാണ് വിതരണം നേരത്തേ ആരംഭിച്ചതെന്ന്് കെ.വി. ബിന്ദു പറഞ്ഞു. കുടുംബശ്രീയ്ക്കാണു പുസ്തകവിതരണച്ചുമതല. വിവിധ സ്‌കൂളുകളിലെ 251 സൊസൈറ്റികൾ വഴിയാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തുക.

സിലബസിൽ മാറ്റം വരാത്ത 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യം വിതരണം ചെയ്യുക. ജില്ലയിലെ 910 സ്‌കൂളുകളിലേക്കുള്ള 3,81,283 പാഠപുസ്തകങ്ങളാണ് ആദ്യഘട്ട വിതരണത്തിനു തയാറായിട്ടുള്ളത്.

രണ്ടാഴ്ച കൊണ്ടു വിതരണം പൂർത്തിയാക്കാനാകുമെന്നാണു കരുതുന്നത്. സിലബസ് മാറി പുതിയ പുസ്തകങ്ങളായി പരിഷ്‌കരിച്ച 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകവിതരണം രണ്ടാംഘട്ടത്തിൽ നടക്കും. ജില്ലയിൽ ആകെ 13,46,479 പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. മേയ് പതിനഞ്ചിനകം പുസ്തകവിതരണം പൂർത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്.

പുസ്തകവിതരണച്ചടങ്ങിൽ പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്് അംഗം സി.എസ്. സുധൻ അധ്യക്ഷനായി. വിദ്യാകിരണം ജില്ലാ മിഷൻ കോഡിനേറ്റർ കെ.ജെ. പ്രസാദ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.കെ. കവിത, പുതുപ്പള്ളി സെന്റ് ജോർജ് വി.എസ്.എ്ച്ച്.എസ്. ഹെഡ്മിസ്ട്രസ് അനിത ഗോപിനാഥൻ, ഡി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *