കോട്ടയം: കോട്ടയം ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും, നൂതന തൊഴിൽ സാധ്യതകളും നൈപുണ്യ സാധ്യതകളും മനസിലാക്കുന്നതിനായി കോട്ടയം ഇന്ദ്രപ്രസ്ഥ ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ ജില്ലാതല തൊഴിൽ ദാതാക്കളുടെ സംഗമം – ‘സി.എക്സ്.ഒ. മേള 2024’ സംഘടിപ്പിച്ചു.
കുടുംബശ്രീ ജില്ലാമിഷൻ മുഖേന നടപ്പാക്കുന്ന തൊഴിൽദായക പദ്ധതി ഡിഡിയുജികെവൈയും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജോൺ വി സാമുവൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ കമ്പനികളുടെ പ്രതിനിധികളായി നാൽപതു തൊഴിൽ ദാതാക്കൾ പങ്കെടുത്തു.
കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, അസിസ്റ്റന്റ് ജില്ലാമിഷൻ കോ ഓർഡിനേറ്റർ പ്രകാശ് ബി നായർ, സ്റ്റേറ്റ് മാനേജർമാരായ എസ്. ലുമിന, ദാസ് വിൻസന്റ്, ബി.സി. അപ്പു എന്നിവർ പങ്കെടുത്തു.