മൂന്നിലവ് : ഇപ്പോള്‍ എംഎല്‍എയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുന്നവര്‍ ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന തരത്തിലുളള തരംതാന്ന രാഷ്ട്രീയ നിലപാടാണ് എന്ന് അരി ആഹാരം കഴിക്കുന്ന ഏവര്‍ക്കും മനസ്സിലാകുമെന്ന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക്കും മുന്‍ പ്രസിഡന്റ് പി.എല്‍ ജോസഫും പറഞ്ഞു.
മൂന്നിലവിന്റെ വികസനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് എല്‍ഡിഎഫും കേരളാ കോണ്‍ഗ്രസ്സ് ജോസ് വിഭാഗവുമാണെന്ന് ഇക്കൂട്ടര്‍ക്ക് നല്ല ബോധ്യമുണ്ട്. ഭരണത്തില്‍ ഇരിക്കുന്നവര്‍ക്ക് ഒന്നും ചെയ്യാന് സാധിക്കുന്നില്ല എന്ന ജാള്യത മറയ്ക്കുവാനാണ് പഞ്ചായത്ത് പടിക്കല്‍ നിന്ന് കഴിഞ്ഞ ദിവസം പച്ചക്കളളങ്ങള്‍ വിളിച്ചുപറഞ്ഞത്. ഇങ്ങനെയുളള ഗിമ്മിക്കുകള്‍ മൂന്നിലവ്കാര്‍ പണ്ടേ തള്ളി കളഞ്ഞതാണെന്നും ചാര്‍ലി ഐസക് പറഞ്ഞു.
എംഎല്‍എ തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 4.30 കോടിക്ക് ഭരണാനുമതി നല്‍കാതിരുന്നത് സര്‍ക്കാരാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ എല്ലാ ബഡ്ജറ്റുകളിലും തുക വകയിരുത്തുന്നതിന് എംഎല്‍എ ആവശ്യപ്പെട്ടിട്ടുളളതും ഉപധനാഭ്യര്‍ത്ഥനകളില്‍ കടവുപുഴ പാലത്തിന്റെ കാര്യം പ്രത്യേകം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നിരിക്കെ കേരളാ കോണ്‍ഗ്രസ്സ് ജോസ് വിഭാഗം പച്ചക്കളളമാണ് പടച്ചുവിടുന്നത്.
സര്‍ക്കാരിന് ചെയ്യണം എന്ന് വെച്ചാല്‍ 100 രൂപാ ടോക്കണ് പ്രൊവിഷനുള്ള വേല ചെയ്യാന് കഴിയും എന്നിരിക്കെ ഇതിനെതിരെ മുഖം തിരിച്ച് നില്‍ക്കുന്നത് നിവാസകളോടുള്ള വഞ്ചനയാണ്. യഥാര്‍ത്ഥ്യം ഇതായിരിക്കെ എല്‍ഡിഎഫും ബിജെപിയും സഹോദരങ്ങളെപ്പോലെ എംഎല്‍എയേയും പഞ്ചായത്ത് ഭരണസമിതിയേയും കുറ്റപ്പെടുത്തുന്നത് ആത്മഹത്യാപരമാണ് എന്നും പ്രസിഡന്റ് പറഞ്ഞു.
മഴവെള്ളക്കെടുതി വിലയിരുത്താന്‍ വന്ന മന്ത്രിമാരായ വി.എന്‍ വാസവനും, . കെ രാധാകൃഷ്ണനും അടിയന്തിരമായി ഈ പാലം പുനര്‍ നിര്‍മ്മിക്കുന്നതിനായി STഫണ്ട് അനുവദിക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നു. എന്നാല് അതിനുശേഷം തുടർ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രകൃതി ദുരന്തം എന്ന നിലയില്‍ ആയതിന്റെ ചുമതലയുള്ള റവന്യൂ മന്ത്രി കെ. രാജനെ സമീപിക്കുകയും അനുകൂല നിലപാട് എടുക്കാമെന്ന് പറയുകയും ചെയ്തിരുന്നു.
എന്നാല്‍ ഫലമുണ്ടാകാത്തതിനാല്‍ റീബില്‍ഡ് കേരളയില് ഉള്‍പ്പെടുത്തി തുക അനുവദിച്ച് പാലം നിര്‍മ്മിക്കാണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണസമിതിയും MLA യും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യ മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കുകയും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുളളതാണ്. ഈ സാഹചര്യങ്ങളിലെല്ലാം ഭരണസമിതിയോടൊപ്പം നിന്ന ഘടകകക്ഷി നേതാവും ഉണ്ടായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പടെ MLA മാണി സി കാപ്പനോടൊപ്പം കാണുകയും MLA-യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 4.30 കോടി രൂപ അനുവദിച്ചുനല്‍കി.
എന്നാല്‍ നിയമപരമായി ഇന്‍വസ്റ്റിഗേഷനുള്ള തുക തദ്ദേശസ്വയംഭരണ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് നല്‍കേണ്ടതുണ്ട്. ആയതിന് ഫണ്ട് നല്‍കുന്നതിന് സാങ്കേതിക തടസ്സമുണ്ട് എന്ന വിവരം തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചിതിനെ തുടര്‍ന്നാണ് MLA-യ്ക്ക് ഈ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നത്.
ഇതിനിടയില്‍ പലതവണ മൂന്നിലവിലെ ജനപ്രതിനിധികള്‍ മാണി സി കാപ്പന്‍ MLA-യോടൊപ്പം മുഖ്യമന്ത്രിയേയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയേയും നേരില് കണ്ട് പരാതി അറിയിച്ചിരുന്നു. അതേതുടര്‍ന്ന് പാലം പണിക്ക് മുന്നോടിയായി ഇന്‍വസ്റ്റിഗേഷന് നടത്തുന്നതിനായി 380000/-രൂപ പൊതുമരാമത്ത് വകുപ്പ് അടയ്ക്കുകയും സോയില്‍ ടെസ്റ്റ് നടത്തുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ കടവുപുഴ പണി അടിയന്തിരമായി പൂര്‍ത്തികരിക്കും എന്ന സാഹചര്യം മനസിലാക്കി അത് മുതലെടുക്കന്‍ LDF-ഉം BJP-യും നടത്തുന്ന നാടകമാണ് മറ്റുള്ളത് എന്നും UDF-നേയും പഞ്ചായത്ത് ഭരണസമിതിയേയും കരിവാരിതേക്കുന്നതിനായി LDF നടത്തുന്ന കപട നാട്ട്‌സ്‌നേഹം ഈ നാട്ടിലെ പൊതുജനം തിരിച്ചറിയും എന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.