മുണ്ടക്കയം: 65 വർഷം മുൻപ് മുണ്ടക്കയത്ത് ചെമ്പകശ്ശേരിൽ സി വി വർക്കി ആരംഭിച്ച മോഹൻ പ്രിന്റേഴ്സ് അഞ്ചുവർഷങ്ങൾക്കപ്പുറം മകൻ സി വി വർഗീസും ( തമ്പിച്ചായൻ) ജേഷ്ഠ സഹോദരനും പിതാവിനും ഒപ്പം വളരെ ശുഷ്കാന്തിയോടുകൂടെ പ്രവർത്തനങ്ങളിൽ വ്യാപൃതനായി നിലകൊണ്ടു. പിന്നീട് കുടുംബത്തിൻ്റെ ചുരുക്ക പേരായ സിബി പ്രസ്സ് എന്ന് നാമകരണം ചെയ്യപ്പെട്ടു.
പ്രായാധിക്യങ്ങളാൽ പിതാവും ജ്യേഷ്ഠ സഹോദരനും ഉത്തരവാദിത്വം തന്നിൽ ഏൽപ്പിച്ചപ്പോൾ വളരെ കാര്യഗൗരവത്തോടെ ആ കാര്യങ്ങൾ ഏറ്റെടുക്കുകയും മുന്നോട്ടുപോവുകയും ചെയ്തു. ഇത്രയും കാലം പ്രിൻറിംഗ് പ്രസ് എന്ന ലോകത്ത് ആത്മാർത്ഥതയും കഠിനാധ്വാനവും കൊണ്ട് ജീവിതം പടുത്തുയർത്തിയ ഞങ്ങളുടെ പ്രിയ പിതാവ് പടി ഇറങ്ങുകയാണ്.
ലഭിക്കുന്ന ജോലികളോടും അക്ഷരങ്ങളോടും പേജുകളോടും ഉണ്ടായിരുന്ന പിതാവിന്റെ സ്‌നേഹം മാത്രമല്ല, അതിനോടുള്ള പ്രതിബദ്ധതയും ജീവിതപാഠവുമാണ് ഞങ്ങൾ സ്നേഹത്തോടെ ഓർക്കുന്നത്. അച്ചും അച്ചുകൂടവും കൊണ്ട് ആരംഭിച്ച ഈ പ്രവർത്തനം കാലത്തിന്റെ ആധുനികതയിൽ സ്ക്രീൻ പ്രിന്റിംഗും സിംഗിൾ കളർ പ്രിന്റിംഗും പിന്നെ കമ്പ്യൂട്ടറും ഓഫ് സെറ്റും ഒക്കെയായി നവീകരണ പാതകളിൽ നട കൊണ്ടു.
അച്ചടിയിലൂടെ ഒരു സമൂഹത്തിന് കരുത്തും സ്വപ്നങ്ങളും പിതാവ് പകര്‍ന്നുനൽകി. അച്ചടിയോടുള്ള പിതാവിന്റെ പ്രതിബദ്ധത, അക്ഷരങ്ങളിൽ മാത്രം അല്ല, ഓരോ പേജിലും പിതാവിന്റെ ജീവിതത്തിന്റെ വീര്യവും അദ്ധ്വാനവും പതിഞ്ഞിരുന്നു. പിതാവിന്റെ ഈ തൊഴിലിനോടുള്ള പ്രതിബദ്ധത കുടുംബത്തിന്‍റെ മാത്രം പൈതൃകമല്ല, മറിച്ച് ഒരു നാടിൻ്റെ പൈതൃകമാണ്.
പ്രിൻറിംഗ് പ്രസ് എന്ന ലോകത്ത് പിതാവിൻ്റ നിത്യ പ്രവർത്തനത്തിന്റെ സഹായകമായി നിലകൊണ്ട പ്രിയപ്പെട്ടവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു. ഇനി വിശ്രമത്തിന്റെയും സ്നേഹത്തിന്റെയും ഒരു പുതിയ അധ്യായം പ്രിയ പപ്പായ്ക്ക് തുറക്കുകയാണ്.