പാലാ: കാലഘട്ടത്തിനുമപ്പുറം ചിന്തിച്ച ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു മാർ സെബാസ്റ്റ്യൻ വയലിലെന്ന് പ്രൊഫ വി ജെ ജോസഫ് എക്സ് എം എൽ എ അനുസ്മരിച്ചു. പാലായുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ മുപ്പത്തിയൊമ്പതാമത് ചരമവാർഷികദിനാചരണത്തോടനുബന്ധിച്ച് ബിഷപ് വയലിൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനവും അഗതികൾക്കുള്ള സ്നേഹവിരുന്നുവിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിൻ്റെയും സമുദായത്തിൻ്റെയും പുരോഗതിക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ ബിഷപ് വയലിലിന് സാധിച്ചു.
അതിൻ്റെ ഗുണഭോക്താക്കൾ ഇന്നത്തെ തലമുറയാണ്. ബിഷപ് വയലിലിൻ്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും വി ജെ ജോസഫ് ചൂണ്ടിക്കാട്ടി. ബിഷപ് വയലിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.
പാലാ ഡി വൈ എസ് പി കെ സദൻ, ചാവറ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ പോൾസൺ കൊച്ചുകണിയാംപറമ്പിൽ, സെൻ്റ് വിൻസെൻ്റ് പ്രൊവിഡൻസ് ഹൗസ് വൃദ്ധമന്ദിരം മദർ സിസ്റ്റർ അമല അറയ്ക്കൽ, സിസ്റ്റർ ആനീസ് വാഴയിൽ, മുനിസിപ്പൽ കൗൺസിലർ സിജി ടോണി, ഷാജു പ്ലാത്തോട്ടം, ജോസ് രൂപ്കല, ടോണി തോട്ടം, ഇവാന എൽസ ജോസ്, സിസ്റ്റർ മേരി ജെയിൻ, സിസ്റ്റർ നയോമി തുടങ്ങിയവർ പ്രസംഗിച്ചു.





