പാലാ: തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്നിലവിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മൂന്നിലവ് സ്വദേശി ആൽവിൻ റെജിക്ക് ( 22) പരുക്കേറ്റു. പാലായിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ചെങ്ങളം സ്വദേശി ജോസ് ജോണിന്( 60) പരുക്കേറ്റു.
അജ്ഞാതവാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി സുരേന്ദ്രനെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10. 30 യോടെ വണ്ടൻ പതാൽ ഭാഗത്ത് വച്ചാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോയതായി പറയപ്പെടുന്നു. സുരേന്ദ്രന് തലയ്ക്കാണ് പരുക്കേറ്റത്.
തമിഴ്നാട്ടിലെ വത്തൽഗുണ്ടിലുണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാൻ മരിച്ചു. കാറിൻ്റെ ടയർ പൊട്ടിയതിനെത്തുടർന്ന് മറ്റൊരു വാഹനത്തിൽ ചെന്നിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കളായ റയാൻഖാൻ, സയാൻഖാൻ, ഐഷ എന്നിവരുടെ പരിക്ക് നിസാരമാണ് . കുട്ടികൾ ദിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ്. അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന അനീസ് സുഹൃത്തുക്കളോടൊപ്പം ഇന്ന് വെളുപ്പിന് വിനോദയാത്ര പോകും വഴിയായിരുന്നു അപകടം.