റെയില്‍വേ ആക്ട് 145 പ്രകാരം റെയില്‍വേയുടെ ഭൂമിയിലോ, പരിസരങ്ങളിലോ ലഹരിക്കടിമപ്പെട്ട് പ്രവേശിക്കുന്നത് ആറ് മാസം തടവും 500 രൂപാ പിഴയും ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണെന്നിരിക്കെ മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് ബെവ്കോയുടെ ഔട്ട്ലെറ്റ് തുടങ്ങിയിരിക്കുന്നത് ചട്ടലംഘനമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള.
മദ്യപിച്ച് ട്രെയിനില്‍ കയറരുതെന്ന് മാത്രമല്ല റെയില്‍വേയുടെ അധീനതയിലുള്ള ഒരിടത്തും അങ്ങനെയുള്ളവര്‍ പ്രവേശിക്കരുതെന്ന നിയമവ്യവസ്ഥയുള്ളപ്പോള്‍ റെയില്‍വേയുടെ അധീനതയിലുള്ള സ്റ്റേഷനില്‍ തന്നെ ബെവ്കോയ്ക്ക് അവസരം കൊടുത്തത് ചട്ടലംഘനം തന്നെ.
500 മീറ്റര്‍ റെയില്‍വേയുടെ ദൂരപരിധിയിലുള്ള മുഴുവന്‍ ബെവ്കോ ഔട്ട്ലെറ്റുകളും അടച്ചുപൂട്ടണമെന്ന് ദക്ഷിണ റെയില്‍വേയുടെ കത്തിനെ നിരാകരിച്ചവരാണ് ബെവിറേജസ് കോര്പ്പറേഷന്. ഈ ബെവിറേജസ് കോര്‍പ്പറേഷനെ തന്നെ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായി, റെയില്‍വേ സ്റ്റേഷനില്‍ അവസരം കൊടുത്തത് വിരോധാഭാസമാണ്.




