അരുവിത്തുറ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഏപ്രിൽ 12 മുതൽ മെയ് 2 വരെ തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേർന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി തഹസീൽദാർ ശ്യാമളകുമാരി, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, നഗരസഭാദ്ധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, നഗരസഭാ ഉപാധ്യക്ഷൻ അൻസർ പുള്ളോലിൽ, മുൻസിപ്പൽ സെക്രട്ടറി ബിപിൻ കുമാർ, പൊലീസ് സ്റ്റേഷൻ ഇൻചാർജ് ബിനു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അബ്ദുൽ ഖാദർ, നഗരസഭ കൗൺസിലർ ലീനാ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
എല്ലാവരും ജാഗ്രതയോടെയും ഒരുമയോടെയും പ്രവർത്തിക്കണമെന്നും തിരുനാളിനെത്തുന്ന വിശ്വാസികൾക്കും യാത്രകാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിൽ സൗകര്യങ്ങളൊരുക്കുന്നതിനും യോഗം തീരുമാനിച്ചു.
തിരുനാൾ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും വാഹന പാർക്കിങ്ങ് ക്രമിക്കരണം നടത്താനും ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിലും എക്സൈസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലഹരിയ്ക്കെതിരെ പരിശോധന നടത്താന്നും യോഗം തീരുമാനിച്ചു. മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനും കൂടുതൽ യാത്ര ബസുകൾ നടത്തുന്നതിനും തീരുമാനിച്ചു.
റവന്യൂ വകുപ്പ് , ഫയർഫോഴ്സ്, വൈദ്യൂതി, ജല അതോറിറ്റി, ആരോഗ്യം വിഭാഗം, പൊതുമരാമത്ത് വിഭാഗം, ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം, എക്സൈസ് വിഭാഗം, താലുക്ക് സപ്ലൈ വകുപ്പ്, വില്ലേജ് ഓഫീസ് കെ എസ് ആർ ടി സി, ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ചടങ്ങിൽ തിരുന്നാൾ നോട്ടീസിന്റെ പ്രകാശനം വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന് നൽകി നിർവഹിച്ചു.