vakakkad

വാകക്കാട് ഹൈസ്കൂളിൽ അൽഫോൻസാ ദിനാചരണം: വി. അൽഫോൻസാമ്മ കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയും

വാകക്കാട് : ഭരണങ്ങാനത്തെ വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻറെ നാനാഭാഗത്തുനിന്നെത്തുന്നവർക്ക് ആശ്വാസവും അനുഗ്രഹവും പ്രധാനം ചെയ്യുന്ന വിശ്വാസ ഗോപുരമായി മാറിയപ്പോൾ അൽഫോൻസാമ്മ അധ്യാപികയായി സേവനനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടവും താമസിച്ച വാകക്കാട് ക്ലാരമഠവും ആത്മീയ അനുഭൂതി ഉണർത്തുന്ന ശാന്തി തീരമായി ഇന്നും നിലകൊള്ളുന്നു.

വി. അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ ധന്യത നേടിയ വാകക്കാട് സ്കൂൾ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകർന്നുകൊണ്ടിരിക്കുന്നു. വി. അൽഫോൻസാമ്മ  അധ്യാപികയായി സേവനമനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടം സ്ഥിതി ചെയ്യുന്നത് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കകല്ലിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അടിവാരത്താണ്.

കുട്ടികൾ നല്ല വ്യക്തിത്വമുള്ളവരായി വളരണമെന്നും അതിന് വി. അൽഫോൻസാമ്മ കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ അൽഫോൻസാദിനാഘോഷം ഉദ്ഘാടനം ചെയ്ത സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി പറഞ്ഞു.

1932-33 കാലഘട്ടങ്ങളിലാണ് അൽഫോൻസാമ്മ പാലാ രൂപതയിൽപ്പെട്ട വാകക്കാട് സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചത്. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന അൽഫോൻസാമ്മ, തങ്ങളുടെ വേദനകളിൽ മാതാപിതാക്കൾക്കും എന്നും സമീപസ്ഥയായിരുന്നു.

കുഞ്ഞുങ്ങൾക്ക് അക്ഷരങ്ങളും ഗണിതത്തിൻ്റെ ബാലപാഠങ്ങളും പകർന്നു കൊടുക്കുന്നതിനൊപ്പം കാരുണ്യവും സ്നേഹവും കുട്ടികളിലേക്കും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും പകർന്നു കൊടുക്കുന്നതിന് അൽഫോൻസാമ്മ എന്ന അധ്യാപികക്ക് കഴിഞ്ഞിരുന്നുവെന്ന് അക്കാലത്തെ വിദ്യാർത്ഥികൾ ഓർമിച്ചിരുന്നു.

മലയോര ഗ്രാമമായ വാകക്കാട് ദാരിദ്ര്യത്തിലും ദുരിതങ്ങളിലും വേദനകളിലും കഴിഞ്ഞിരുന്നവർക്ക് അൽഫോൻസാമ്മ ആശ്വാസദായകയായിരുന്നു. പ്രാർത്ഥനയിലൂടെയും അധ്വാനത്തിലൂടെയും സഹകരണത്തിലൂടെയും നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശ ഏവരിലേക്കും പ്രകാശിപ്പിച്ചു. മറ്റുള്ളവരുടെ വേദനകളിൽ ആശ്വാസമേകികൊണ്ട്  സ്വന്തം വേദനകളെ മറന്നു.

അൽഫോസാമ്മയുടെ വടിവൊത്ത കൈയക്ഷരം കുട്ടികളുടെയും സഹപ്രവർത്തകരുടെയുമെക്കെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാകക്കാട് മഠത്തിൽ ആയിരുന്നപ്പോൾ അൽഫോൻസാമ്മ പിതാവിനെഴുതിയ കത്ത് ഇന്നും അവിടെ കാണാം. കൂടാതെ അൽഫോൻസാമ്മ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും തുന്നൽ സാമഗ്രികളും ഇവിടെ പവിത്രതയോടെ സൂക്ഷിച്ചിരിക്കുന്നു.

പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും ജീവിതത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവർക്കും കരുതലും കാരുണ്യവുമായിരുന്നു അൽഫോൻസാമ്മ. അൽഫോൻസാമ്മയുടെ തിരുനാളിൻ്റെ തൊട്ടടുത്ത ദിനമായ ജൂലൈ 29 ന് നിരവധിയാളുകൾ കുട്ടികളെ എഴുത്തിനിരുത്തുന്നതിനായ് വാകക്കാട് ഇടവക ദൈവാലയത്തിൽ കൊണ്ടുവരികയും സ്കൂളും കോൺവെൻ്റിൽ അൽഫോസാമ്മ താമസിച്ചിരുന്ന മുറിയും സന്ദർശിച്ച് പ്രാർത്ഥിച്ച് മടങ്ങുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.

അൽഫോൻസാമ്മ അധ്യാപികയായി കുഞ്ഞുങ്ങൾക്ക് പുണ്യം ചൊരിഞ്ഞു കൊടുത്ത വാകക്കാട് വച്ച് എഴുത്ത് തുടങ്ങുക എന്നത് പലരുടെയും വലിയ ആഗ്രഹവും സന്തോഷവുമാണ്. അൽഫോൻസാമ്മയുടെ വിശുദ്ധി അനുഭവിച്ചറിഞ്ഞ കുട്ടികൾ തന്നെയാണ് മരണശേഷം കബറിടത്തിൽ പൂക്കൾ വച്ചും തിരികൾ കത്തിച്ചും പ്രാർത്ഥിച്ച് അൽഫോൻസാമ്മയിലേക്ക് ലോകശ്രദ്ധ ആകർഷിക്കുന്നതിന് ഇടവരുത്തിയത്.

വി. അൽഫോൻസാമ്മയിൽ വിളങ്ങി നിന്നിരുന്ന ദൈവാശ്രയബോധവും ലാളിത്യവും സ്കൂളിലെ എല്ലാ കുട്ടികൾക്കും ലഭ്യമാകുന്നതിനായ് കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *