kanjirappalli

എച്ച്.ഐ.വി ബാധിതരോടുള്ള സാമൂഹികബഹിഷ്‌കരണം കുറഞ്ഞു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

കോട്ടയം: എച്ച്‌ഐവി അണുബാധിതരോടുള്ള സഹാനുഭൂതി വർധിച്ചതും ബഹിഷ്‌കരണം വലിയൊരു പരിധിവരെ അവസാനിപ്പിക്കാനും കഴിഞ്ഞത് നേട്ടമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലാതല പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അണുബാധിതർക്ക് തുല്യത ഉറപ്പുവരുത്താൻ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെങ്കിലും അവരുടെ ജീവിതം സുരക്ഷിതമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തെ ശക്തമായ ബോധവത്കരണവും ചികിത്സയിലുണ്ടായ വമ്പിച്ച മുന്നേറ്റവുമാണ് ഇതിന്റെ പ്രധാന കാരണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

എച്ച്.ഐ.വി അണുബാധിതർക്കു പ്രമേഹം പോലെ തന്നെ ചികിത്സ നൽകാനും ആരോഗ്യകരമായ ജീവിതം നയിക്കാനും, കൃത്യമായി മരുന്ന് കഴിക്കുന്നതിലൂടെ രോഗപകർച്ച പൂർണമായും തടയാനും ആധുനിക ചികിത്സാ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

അണുബാധ തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കാനായാൽ ആരോഗ്യകരമായ ജീവിതം സാധ്യമാണ്. കേരളത്തിൽ അണുവ്യാപന തോത് 0.07 ശതമാനം ആയികുറയ്ക്കാൻ കൃത്യമായ രോഗ നിർണയത്തിലൂടെയും ചികിത്സയിലൂടെയും കഴിഞ്ഞിട്ടുണ്ട്.

ഒന്നിലേറെ പേരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സ്ത്രീ ലൈംഗിക തൊഴിലാളികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാർ, മയക്കുമരുന്ന് കുത്തിവെയ്ക്കുന്നവർ എന്നിവരുടെയിടയിൽ ശക്തമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നതെന്നും ഡി.എം.ഒ. പറഞ്ഞു.

യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചലച്ചിത്രതാരം ട്രിനിറ്റി എലിസ പ്രകാശ് മുഖ്യാതിഥിയായിരുന്നു.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ വ്യാസ് സുകുമാരൻ, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ഗ്രാമപഞ്ചായത്തംഗം ഷാലിമ്മ ജെയിംസ്, ജില്ലാ മാസ് മീഡിയ ഓഫീസർ ടോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, കെയർ ആൻഡ് സപ്പോർട്ട് കോഓർഡിനേറ്റർ ജിജി തോമസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ ജോജി തോമസ്, ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന ബോധവത്കരണ സെമിനാർ കോട്ടയം മെഡിക്കൽ കോളേജ് എച്ച് ഐ വി ചികിത്സാവിഭാഗത്തിലെ ഡോ. അഖില ജെ.എസ്. നയിച്ചു. ദിനാചരണത്തോടൊപ്പം എച്ച് ഡി.എഫ്.സി ബാങ്ക്, ലയൺസ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് കോട്ടയം എസ്. എച്ച് മെഡിക്കൽ സെന്റർ നേതൃവം നൽകി. ക്യാമ്പിൽ 50 വിദ്യാർത്ഥികൾ രക്തംദാനംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *