കോട്ടയം : മാസപ്പടിക്കേസിൽ പ്രതിചേർക്കപ്പെട്ട, മുഖ്യമന്ത്രിയുടെ മകൾ ഇതുവരെ പ്രതികരിക്കാൻ തയാറാകാത്തത് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി. കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന കൊള്ളയുടെ ഏറ്റവും വലിയ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഏതെങ്കിലും യുഡിഎഫ് നേതാവോ പ്രവർത്തകരോ ഉയർത്തിയ ആരോപണമല്ലെന്നും ഒരു കേന്ദ്ര ഏജൻസി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വീണാ വിജയനെ മാസപ്പടിക്കേസിൽ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റ് പി.കെ.വൈശാഖ് അധ്യക്ഷത വഹിച്ചു. മാർച്ച് കലക്ടറേറ്റിന് മുൻപിൽ പൊലീസ് തടഞ്ഞു. രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും ബാരിക്കേഡ് മറികടന്നെത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു.
പൊലീസിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും മുദ്രാവാക്യം വിളിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും 13 പേർക്കെതിരെ പൊലീസ് ബാരിക്കേഡ് മറികടന്നതിന് കേസെടുത്തു.
യൂത്ത് കോൺഗ്രസ് രാജ്യാന്തര സെൽ ചെയർമാൻ ഫ്രഡി ജോർജ് വർഗീസ്, സംസ്ഥാന സെക്രട്ടറിമാരായ സുബിൻ മാത്യു, രാഹുൽ മറിയപ്പള്ളി, ഡിസിസി വൈസ് പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അരുൺ മർക്കോസ് എന്നിവർ പ്രസംഗിച്ചു.