കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്.
കുറവിലങ്ങാട്: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാട്ടാമ്പാക്ക് സ്വദേശി ജാൻസിയെ (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുറവിലങ്ങാട് ഭാഗത്ത് വച്ചാണ് അപകടം.
മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി. മണിമല മൂലേപ്ലാവിന് സമീപമാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ യുവാവാണ് അപകടത്തിൽപ്പെട്ടത്. കോത്തലപ്പടി സ്വദേശിയായ ബിജിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആറിൻ്റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ മണിമലയാറ്റിലെ കയത്തിൽ യുവാവ് മുങ്ങി താഴുകയായിരുന്നു എന്ന വിവരമാണ് ലഭിക്കുന്നത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ശക്തമായ ഇടിയും മഴയും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. മണിമല മൂലേ പ്ലാവ് എസ് ഇ ടി എം സ്കൂളിന് സമീപമാണ് സംഭവം.