രാഷ്ട്രീയ കൊലപതാകങ്ങളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് തേടിയ ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം.
ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചു എന്നതിന്റെ പേരിൽ മാത്രം രണ്ട് ചെറുപ്പക്കാർ ക്രൂരമായി കൊലചെയ്യപ്പെട്ട സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അത് ആഭ്യന്തര മന്ത്രി എന്ന നിലയോടൊപ്പം തന്നെ ആ പ്രായത്തിലുള്ള മക്കളുള്ള ഒരു അച്ഛൻ എന്ന നിലയിലെ ധർമ്മം കൂടിയാണ്.
ഇത്രയും നിഷ്ഠൂരമായ ഒരു കൊലപാതകക്കേസിലെ പ്രതികൾ പുറത്ത് ഒരു കൂസലുമില്ലാതെ നടക്കുക എന്നത് തന്നെ ഒരു സിവിൽ സൊസൈറ്റിയിൽ തെറ്റായ സന്ദേശം നൽകുന്നതാണ്. പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. 15 മുതൽ 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.
വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പെരിയ കൊലക്കേസ് എന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളോടും സീറോ ടോളറൻസ് ആയിരിക്കും ഈ സർക്കാരിനെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.





