general

ശബരിമലയില്‍ മേല്‍ശാന്തിമാരുടെ മുറിയിലെ നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി

ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന തടഞ്ഞ് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ കൂപ്പണ്‍ എടുത്ത് വേണം നെയ്യഭിഷേകം നടത്താനെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദേശം.

സഹശാന്തിമാര്‍ പണം വാങ്ങി നെയ്യ് വില്‍പ്പന നടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.
100 രൂപയ്ക്ക് സഹശാന്തിമാര്‍ നെയ്യ് വില്‍പ്പന നടത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ കമ്മീഷണറാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.

ശബരിമലയില്‍ നിന്ന് നല്‍കുന്ന തേന്‍ എഫ്എസ്എസ്‌ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവയാകണമെന്നും ഇത് നിര്‍ബന്ധമാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ക്ഷേത്രത്തില്‍ നിന്ന് ഇത്തരം പ്രസാദങ്ങള്‍ അലക്ഷ്യമായി പായ്ക്ക് ചെയ്ത് നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അഭിഷേകത്തിന് ശേഷം ദേവസ്വം ബോര്‍ഡ് നെയ്യ് വില്‍പ്പന നടത്താറുണ്ട്. ഇതിന് പുറമേയാണ് മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന. ഇത് തെറ്റായ നടപടിയാണെന്നും നിയമ വിരുദ്ധമാണെന്നുമായിരുന്നു സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്.

ഇവരുടെ കൈവശമുള്ള മുഴുവന്‍ നെയ്യും യഥാസമയം ദേവസ്വത്തിന് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *