ഈരാറ്റുപേട്ട: കലാലയങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ ഇടതു വിദ്യാർത്ഥി സംഘടനകൾ വലിയ പങ്ക് വഹിക്കുന്നതായി അന്റോ ആന്റണി ആരോപിച്ചു.
അധികാരത്തിന്റെയും പണത്തിന്റെയും അക്രമവാസനയുടെയും ബലത്തിൽ പല കോളേജുകളുടെയും അധികാരം ഇവർ കൈപ്പിടിയിൽ ഒതുക്കുന്നു. ഇതിനെയെല്ലാം തരണം ചെയ്തു കൊണ്ട് എം.ജി.യൂണിവേഴ്സിറ്റിയിലെ ബഹുഭൂരിപക്ഷം കോളേജുകളുടെയും അധികാരം പിടിച്ചെടുത്ത കെ.എസ്.യു. കോൺഗ്രസിന്റെ അഭിമാനമാണെന്ന് ആന്റോ ആന്റണി പറഞ്ഞു.
അരുവിത്തുറ സെന്റ ജോർജ് കോളേജ്, കോട്ടയം സി.എം.എസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും വിജയംവരിച്ചു വന്നവർക്ക് പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആന്റോ അന്റണി.
കഴിഞ്ഞ മുപ്പതിലേറെ വർഷക്കാലം സി.എം.എസ് കോളേജും ഏഴു വർഷം അരുവിത്തുറ സെന്റ് ജോർജ് കോളേജും അടക്കിഭരിച്ച എസ്.എഫ്.ഐ.ക്ക് കനത്ത ആഘാതമാണ് കെ.എസ്.യു വിന്റെ ചുണ കുട്ടികൾ നൽകിയതെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. വി എം മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സീ.സി.പ്രസിഡണ്ട് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. തോമസ് കല്ലാടൻ,അനസ് നാസർ, റോയി തുരുത്തേൽ, റോജി മുതിരേന്തിക്കൽ, എബിതോമസ്,എം.സി. വർക്കി, അഡ്വ.അബിരാൻ ബാബു, ഷിയാസ് സി.സി.എം, ഇജാസ് അനസ്, അതിൽ ബഷീർ, വർക്കിച്ചൻ വയമ്പോത്തനാൽ,സക്കീർ കീഴ്ക്കാവിൽ എന്നിവർ സംസാരിച്ചു.